കോർപറേഷൻ കൗൺസിൽ; കെ-സ്മാര്‍ട്ട് പ്രമേയം ചര്‍ച്ചക്ക് അനുവദിക്കാതെ മേയര്‍
text_fieldsകൊച്ചി: കോർപറേഷൻ കൗൺസിലിനിടെ തദ്ദേശ സ്ഥാപന സേവനങ്ങൾ ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് സംവിധാനത്തിന്റെ പാളിച്ചകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം നല്കിയ പ്രമേയം ചര്‍ച്ചക്കെടുക്കാതെ മേയര്‍ എം. അനിൽകുമാർ.
ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള സേവനങ്ങള്‍ പൂര്‍ണതോതില്‍ കെ-സ്മാര്ട്ടില് ലഭ്യമാകാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ഈ സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് മേയര്‍ നിരസിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.
ജെ.എച്ച്.ഐ ‘വാഴാത്ത’ കതൃക്കടവ്
കോര്‍പറേഷന്റെ 16ാം സര്‍ക്കിളിന് കീഴിലുള്ള കതൃക്കടവ് ഡിവിഷനില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കസേരക്ക് അടിക്കടി ഇളക്കം. ഒരു വര്‍ഷത്തിനിടെ മൂന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ് നിയമനം നല്കി മാസങ്ങള്‍ക്കുള്ളില്‍ സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നതിനാല്‍ ഡിവിഷനിലെ മാലിന്യനീക്കം ഉൾപ്പെടെയുള്ള കാര്യങ്ങള്‍ അവതാളത്തിലായെന്ന് ഡിവിഷന് കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശിച്ചു.
നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഡിവിഷനാണ് കതൃക്കടവ്. ഹരിതകര്‍മ സേന ഇല്ലാത്ത ഇവിടെ മാലിന്യനീക്കം നടത്തുന്ന കോര്‍പറേഷന്റെ തന്നെ മാലിന്യ സംസ്കരണ തൊഴിലാളികളാണ്. ഇവരെ നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥനെ അടിക്കടി മാറ്റുന്നത് മൂലം മാലിന്യനീക്കം കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് കൗണ്‍സിലറുടെ പരാതി.
ആദ്യം ഉണ്ടായിരുന്ന ജെ.എച്ച്.ഐയെ മാറ്റിയത് ഡിവിഷനില്‍ നന്നായി ജോലി ചെയ്യുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണെന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞു. ഇവരെ മറ്റൊരു ഡിവിഷനിലേക്ക് മാറ്റുകയായിരുന്നു. പകരം വന്ന വനിത ഉദ്യോഗസ്ഥയെ മൂന്ന് മാസത്തിനുശേഷം സ്ഥലം മാറ്റി.
ഈ മാസം 31 വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. ഏപ്രിലിൽ മറ്റൊരു ഉദ്യോഗസ്ഥനെ ഇവിടേക്ക് നിയമിക്കേണ്ടതായി വരും. ഡിവിഷനിലെ കാര്യങ്ങള്‍ പഠിക്കാന്‍പോലും സമയം നല്‍കാതെ അടിക്കടി മാറ്റുന്നതില്‍ മേയര്‍ ഇടപെടണമെന്നും അരിസ്റ്റോട്ടില്‍ ആവശ്യപ്പെട്ടു. വിഷയം ഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ട മേയര്‍ ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന് നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.