അന്തർ സംസ്ഥാനക്കാരുടെ വിവരശേഖരണത്തിന് കൊച്ചി കോർപറേഷൻ
text_fieldsകൊച്ചി: അന്തർ സംസ്ഥാനക്കാരുടെ വിവരശേഖരണത്തിനും നഗരത്തിലെ ഹോസ്റ്റലുകൾ, പേയിങ് ഗെസ്റ്റുകളെ താമസിപ്പിക്കുന്ന സ്ഥലങ്ങൾ എന്നിവയുടെ കണക്കെടുക്കാനും കോർപറേഷൻ തീരുമാനം. ആലുവയിൽ എട്ടു വയസ്സുകാരി പീഡനത്തിനിരയായ സാഹചര്യത്തിലാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തി രജിസ്റ്റർ തയാറാക്കുന്നത്. ഇതിന് തൊഴിൽ, സാമൂഹിക നീതി വകുപ്പുകളുടെ സഹായവുമുണ്ടാകും.
പൊതുജനത്തിന് ശല്യമാകുംവിധം രാത്രി വൈകിയും നിരത്തുകളിൽ യുവതീയുവാക്കൾ ചുറ്റിക്കറങ്ങുന്നതായ ആക്ഷേപത്തെ തുടർന്നാണ് ഹോസ്റ്റലുകളുടെയും പേയിങ് ഗെസ്റ്റുകളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും കണക്കെടുക്കാൻ തീരുമാനിച്ചത്. ഈ സ്ഥാപനങ്ങൾക്ക് ലൈസൻസുണ്ടെന്ന് ഉറപ്പാക്കും. ഇതിനായി ആരോഗ്യവിഭാഗത്തെ മേയർ എം. അനിൽകുമാർ ചുമതലപ്പെടുത്തി. സൗത്ത്, രവിപുരം ഡിവിഷനുകളിലായിരിക്കും ആദ്യ പരിശോധന. ഹോസ്റ്റൽ അന്തേവാസികളും പുരുഷസുഹൃത്തുകളും നേരം പുലരുംവരെ റോഡിലാണെന്ന് റെസിഡന്റ്സ് അസോസിയേഷനുകൾ പരാതിപ്പെടുന്നതായി കൗൺസിലർമാരായ ശശികല, പത്മജ മേനോൻ എന്നിവർ പറഞ്ഞു. രാത്രി ഒമ്പതിന് ശേഷം ആളുകൾക്ക് വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്. റോഡ് മധ്യത്തിൽ കസേരയിട്ടിരിക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തേണ്ട അവസ്ഥയുണ്ടായെന്ന് പത്മജ പറഞ്ഞു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് കമീഷണർക്ക് കത്ത് നൽകാൻ സെക്രട്ടറിയെ കൗൺസിൽ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് പൊലീസ് കമീഷണറുമായി നേരിട്ട് സംസാരിക്കുമെന്ന് മേയർ പറഞ്ഞു.
ഫോർട്ട്കൊച്ചി-വൈപ്പിൻ റൂട്ടിൽ സർവിസ് നടത്തുന്ന റോറോകളിലൊന്ന് രാത്രി ഏഴിന് ശേഷം സർവിസ് അവസാനിപ്പിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. റോറോ സർവിസ് നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന കെ.എസ്.ഐ.എൻ.സിയുമായി സംസാരിച്ച് പരാതികൾ പരിഹരിക്കുമെന്ന് മേയർ പറഞ്ഞു. നഗരത്തിൽ 50 വീടുകളിൽ ഒരെണ്ണത്തിലെന്ന വിധം ഡെങ്കിപ്പനി പടർന്നുപിടിച്ചിട്ടും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ കൈവശം രോഗികളുടെ കണക്കില്ലെന്ന് യു.ഡി.എഫ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ കുറ്റപ്പെടുത്തി. കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നില്ലെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. മരാമത്ത് സമിതി അധ്യക്ഷ സുനിത ഡിക്സൺ അനാവശ്യമായി ഫയലുകൾ പിടിച്ചുവെക്കുന്നതായി യു.ഡി.എഫ് കൗൺസിലർമാരായ വി.കെ. മിനിമോൾ, സീന തുടങ്ങിയവർ ആരോപിച്ചു. അധ്യക്ഷയുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.