കോവിഡ്: സംസ്ഥാനത്താകെ 74 കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടമായത്
text_fieldsകൊച്ചി: കോവിഡ്കാലം തനിച്ചാക്കിയത് ജില്ലയിൽ എട്ട് കുട്ടികളെയാണ്. ദിവസങ്ങൾക്കുമുമ്പ് കാക്കനാട് ഇടച്ചിറയിൽ വിദ്യാർഥികളായ അശ്വതിയെയും ആയുഷിനെയും തനിച്ചാക്കിയാണ് നിർമാണത്തൊഴിലാളിയായിരുന്ന അമ്മ ശാന്ത കോവിഡിെനത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇവരുടെ പിതാവ് അയ്യപ്പൻകുട്ടി പത്തുവർഷം മുമ്പ് ഹൃദയാഘാതത്തെതുടർന്ന് മരിച്ചിരുന്നു. എസ്.എസ്.എൽ.സി ഫലം കാത്തുനിൽക്കുന്ന അശ്വതിക്കും 19കാരനായ ആയുഷിനും സ്വന്തമെന്നുപറയാൻ 87 വയസ്സുള്ള മുത്തശ്ശി മാത്രമാണിനിയുള്ളത്. ഇവരുെപ്പടെ ജില്ലയിൽ കോവിഡ്മൂലം തീർത്തും അനാഥരായത് എട്ട് കുട്ടികളാണ്.
ഇവരുടെയെല്ലാം മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നേരത്തേ മരിക്കുകയും ശേഷിച്ചയാളുടെ ജീവൻ കോവിഡ് നഷ്ടപ്പെടുത്തുകയും ചെയ്തു. അങ്കമാലി, വൈപ്പിൻ, കീരംപാറ, പോത്താനിക്കാട് തുടങ്ങിയ പ്രദേശങ്ങളിലുള്ള 18 വയസ്സിൽ താഴെയുള്ളവരാണ് അനാഥരായത്. 180ലേറെ പേർക്ക് പിതാവിനെയോ മാതാവിനെയോ നഷ്ടപ്പെട്ടു.
കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സർക്കാർ ധനസഹായം നൽകുന്നതിെൻറ ഭാഗമായി ജില്ല ചൈൽഡ് പ്രോട്ടക്ഷൻ യൂനിറ്റ് ശേഖരിച്ച കണക്കാണിത്. അംഗൻവാടികൾ മുഖേനയാണ് വിവരശേഖരണം നടത്തിയത്. പിന്നീട് യൂനിറ്റിെൻറ നേതൃത്വത്തിൽ സൂക്ഷ്മ പരിശോധന നടത്തി, ബാൽ സ്വരാജ് പോർട്ടലിലേക്ക് സമർപ്പിക്കുകയാണ് ചെയ്യുന്നത്.
വിവരശേഖരണം നടത്തി കണ്ടെത്തിയ കുട്ടികളെല്ലാം നിലവിൽ ബന്ധുക്കളുടെ സംരക്ഷണയിലാണ് കഴിയുന്നതെന്ന് ജില്ല ചൈൽഡ് പ്രോട്ടക്ഷൻ ഓഫിസർ കെ.എസ്. സിനി പറഞ്ഞു. കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് വനിത-ശിശുവികസന വകുപ്പിെൻറ ഫണ്ടിൽനിന്ന് പ്രതിമാസം 2000 രൂപ കുട്ടിയുടെയും രക്ഷാകർത്താവിെൻറയും ജോയൻറ് അക്കൗണ്ടിൽ നിക്ഷേപിക്കും. 18 വയസ്സാകുംവരെയാണിത്. കുട്ടികളുടെ പേരിൽ മൂന്നുലക്ഷം രൂപ സ്ഥിരനിക്ഷേപവുമുണ്ട്.
ബിരുദതലം വരെയുള്ള പഠനത്തിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് കണ്ടെത്തുക. സംസ്ഥാനത്താകെ 74 കുട്ടികൾക്കാണ് കോവിഡ്മൂലം മാതാപിതാക്കളെ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.