കോവിഡ്: എറണാകുളം ജില്ലയിൽ പ്രധാന ഉറവിടം വീടുതന്നെ
text_fieldsകൊച്ചി: കോവിഡ് സമ്പർക്ക വ്യാപനത്തിെൻറ ഉറവിടം വീടുകളാണെന്ന മുന്നറിയിപ്പുമായി ആരോഗ്യപ്രവർത്തകർ. നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത സാഹചര്യമാണ് ജില്ലയിൽ. 10 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിലേറെയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കോവിഡ് വ്യാപനം 70 ശതമാനവും നടക്കുന്നത് വീടുകളിൽനിന്നുതന്നെയാണ്. വീട്ടിൽനിന്ന് നിരന്തരം പുറത്തുപോകുന്നവരുണ്ടെങ്കിൽ തിരിച്ച് വീട്ടിലെത്തിയാൽ ഉടൻ കൈകൾ വൃത്തിയാക്കണമെന്നും ദേഹശുദ്ധി വരുത്തണമെന്നും ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നു. ഇത്തരം വീടുകളിലുള്ളവർ മാസ്ക് ധരിക്കുന്നതാണ് നല്ലത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കൽ ഉൾപ്പെടെ കൂടിയിരിക്കൽ ഒഴിവാക്കുന്നതാകും അഭികാമ്യമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ഗ്രാമങ്ങളിൽ കോവിഡ് പിടിമുറുക്കിയതോടെ ഇതുസംബന്ധിച്ച് ആരോഗ്യപ്രവർത്തകർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലും ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടായി. നിലവിൽ 80 ശതമാനത്തിലേറെ കോവിഡ് രോഗികളും വീടുകളിൽതന്നെയാണ് ചികിത്സ തുടരുന്നത്. ജില്ലയിൽ അരലക്ഷത്തിലേറെ വീടുകളിൽ കോവിഡ് ബാധിതർ ചികിത്സയിലുണ്ട്.
ഗുരുതര രോഗമുള്ളവർ, കുട്ടികൾ, മതിയായ ശുചിമുറി സംവിധാനമില്ലാത്തവർ എന്നിങ്ങനെയുള്ളവർക്ക് ഗൃഹചികിത്സക്ക് അനുമതി നൽകുന്നില്ല. ഇവർക്കായി ഡൊമിസിലറി കെയർ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം, കോവിഡ് ബാധിതരാകുന്നവർ ലക്ഷണങ്ങളില്ലെന്ന് കണ്ടാൽ ഗൃഹചികിത്സയിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്.
ഗൃഹചികിത്സക്ക് കോവിഡ് പ്രോട്ടോകോൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽവരുന്ന പിഴവുകൾ സമ്പർക്ക വ്യാപനത്തിനിടയാകുകയാണ്. മാത്രമല്ല, വായുവിലൂടെ പകരുന്ന അതിതീവ്ര കോവിഡ് വകഭേതവും വീടുകളിൽനിന്നുള്ള സമ്പർക്ക പകർച്ചഭീഷണി ഇരട്ടിയാക്കി. കോവിഡ് ആദ്യതരംഗത്തിൽ ഗൃഹചികിത്സ സംസ്ഥാനത്താകമാനും ഫലപ്രദമായിരുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ട്. എന്നാൽ, രണ്ടാംതരംഗത്തിൽ രോഗികളുടെ എണ്ണം അത്രയേറെ വർധിച്ചത് ഗൃഹചികിത്സക്കും പ്രതിസന്ധിയുണ്ടാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.