എറണാകുളത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പനി ക്ലിനിക്; ജില്ലയിൽ 27 ക്ലസ്റ്റർ
text_fieldsകൊച്ചി: നാൾക്കുനാൾ കോവിഡ് വർധിക്കുന്ന ജില്ലയിൽ നിലവിൽ റിപ്പോർട്ട് ചെയ്തത് 27 ക്ലസ്റ്റർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫിസുകൾ, ബാങ്കുകൾ, മാളുകൾ എന്നിവ കേന്ദ്രീകരിച്ചാണിവ. സ്ഥാപനങ്ങളിലും മറ്റും രണ്ടോ അതിലധികമോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ ജില്ല കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് ഡി.എം.ഒ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണ പ്രതിരോധ ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യസ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കും. രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. ടെലി മെഡിസിൻ സംവിധാനം എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പ്രവർത്തിക്കും. താലൂക്കുതലത്തിൽ കൺട്രോൾ റൂമുകളും താലൂക്ക് ആശുപത്രികളിൽ ട്രയാജ് സംവിധാനത്തോടെ കോവിഡ് ഒ.പിയും ആരംഭിക്കും. താലൂക്ക് ആശുപത്രികളിൽ എത്തുന്ന രോഗികളെ ആവശ്യമെങ്കിൽ അവിടതന്നെ അഡ്മിറ്റ് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കും. റഫറൽ ആവശ്യമായ രോഗികളെ അമ്പലമുകൾ കോവിഡ് സെന്ററിലേക്ക് മാറ്റും. അവിടെ ചികിത്സ നൽകാൻ സാധിക്കാത്ത രോഗികളെ ഡി.സി.ടി.സി ആലുവ, കളമശ്ശേരി ഗവ. മെഡിക്കൽ കോളജ്, കാസ്പ് ഉള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് മാറ്റും.
അമ്പലമുകളിൽനിന്ന് ഡൗൺ ഷിഫ്റ്റ് ചെയ്യുന്ന രോഗികൾക്ക് വടക്കൻ പറവൂർ, പിറവം, ഫോർട്ട്കൊച്ചി, കോതമംഗലം, മൂവാറ്റുപുഴ, പള്ളുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ഡി.സി.സികളിലേക്ക് മാറ്റും. ജില്ലതല കോവിഡ് കൺട്രോൾ റൂം, ഷിഫ്റ്റിങ് കൺട്രോൾ റൂം എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.
ശ്രദ്ധിക്കാം ഇവയെല്ലാം
പൊതുവിടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക.
പോസിറ്റിവ് ആകുന്നവർ ആരോഗ്യ കേന്ദ്രങ്ങൾ/ ആശുപത്രികളെ വിവരം അറിയിക്കുക, വീടുകളിൽ /സ്ഥാപനങ്ങളിൽ ക്വാറൻറീനിൽ കഴിയുക.
ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക.
കൂട്ടം കൂടി ഭക്ഷണം പങ്കിടുന്നതും വായുസഞ്ചാരമില്ലാത്ത അടഞ്ഞ അന്തരീക്ഷവും ഒഴിവാക്കുക
മാളുകളും ഭക്ഷണശാലകളും അനാവശ്യമായി സന്ദർശിക്കുന്നത് ഒഴിവാക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾ മാസ്ക് കൃത്യമായി ധരിക്കാതെ കൂട്ടം കൂടി നിൽക്കരുത്.
സ്ഥാപനങ്ങളിൽ അന്വേഷണകൗണ്ടറുകൾ, വാതിലിന്റെ ഹാൻഡിലുകൾ, റെയിലുകൾ, ലിഫ്റ്റുകൾ, ശൗചാലയങ്ങൾ തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങൾ ഇടവിട്ട് അണുമുക്തമാക്കുക.
രോഗലക്ഷണങ്ങൾ ഉള്ളവരോ സമ്പർക്കത്തിൽപെട്ടവരോ വീടുകളിൽതന്നെ കഴിയുക, ടെലികൺസൾട്ടേഷൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.
ഗുരുതര രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്കും പ്രായമായവർക്കും പ്രത്യേകം സംരക്ഷണം ഉറപ്പാക്കുക.
വിവാഹ ചടങ്ങുകളിൽ ഫോട്ടോ സെഷനിൽ മാസ്ക് ഊരുന്നത് ഒഴിവാക്കുക.സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി
കോവിഡ് ചികിത്സയിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പുവരുത്തിയതായി എ.ഡി.എം എസ്. ഷാജഹാൻ അറിയിച്ചു. കോവിഡ് ചികിത്സക്ക് ആവശ്യമായ ബെഡുകൾ മാറ്റിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ മേഖലയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഓക്സിജൻ ബെഡുകൾ ഉള്ളത് അമ്പലമുകൾ കോവിഡ് ഫീൽഡ് ഹോസ്പിറ്റലിലാണ്. 426 ഓക്സിജൻ ബെഡുകൾ നിലവിലുണ്ട്. അമ്പലമുകൾ കോവിഡ് ആശുപത്രി, ആലുവ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐ.സി.യു ബെഡുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഡി.എം.ഒ ഡോ.എസ്. ജയശ്രീ അറിയിച്ചു. ബുധനാഴ്ച തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.