തഹസിൽദാർ അടക്കമുള്ളവർക്ക് കോവിഡ്: സർക്കാർ ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റുന്നു
text_fieldsമട്ടാഞ്ചേരി: പശ്ചിമകൊച്ചിയിൽ പ്രധാന സർക്കാർ ഓഫിസുകളിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി തഹസിൽദാർ സുനിത ജേക്കബിന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു.
കരുവേലിപ്പടി ജലഅതോറിറ്റി ഓഫിസിലെ അസി.എക്സിക്യൂട്ടിവ് എൻജിനീയർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതേ ഓഫിസിലെ അസി.എൻജിനീയർക്കും ഏഴോളം ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിലെ ചില ജീവനക്കാർക്കും കോവിഡ് ബാധിച്ചു. പൊതുജനം ഏറ്റവും അധികം ആശ്രയിക്കുന്ന ഓഫിസുകളുടെ പ്രവർത്തനം താളം തെറ്റുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇതിനിടെ, തൊഴിലാളികൾക്ക് രോഗവ്യാപനം ഉണ്ടായ ഓഫിസുകളിൽ മറ്റുള്ളവർ ജോലിക്കെത്തണമെന്ന് നിർബന്ധിക്കുന്നതായി തുറമുഖത്തെ ഒരു കയറ്റുമതി സ്ഥാപനത്തിലെ തൊഴിലാളി ആരോപിച്ചു.
കൊച്ചിയിലെ സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുമ്പളങ്ങി പഞ്ചായത്തിലും രോഗം പിടിമുറുക്കുന്നതായി ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രോഗ ലക്ഷണങ്ങളോടെ എത്തിയ 27 പേരെ പരിശോധിച്ചതിൽ 23 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
കൊച്ചിയിലെ എഫ്.എൽ.ടി.സികൾ എല്ലാം പൂട്ടിയതോടെ ജനം തിങ്ങിവസിക്കുന്ന മേഖലയിലുള്ളവരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. തീരെ സൗകര്യമില്ലാത്ത വീടുകളിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റ് പലർക്കും പകരുമെന്ന സ്ഥിതിയാണ്. ജനസാന്ദ്രതയേറിയ നിരവധി ഡിവിഷനുകളാണ് മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി, പള്ളുരുത്തി മേഖലയിൽ ഉള്ളത്. ഇവിടങ്ങളിൽ പല വീടുകളിലും ബാത്ത് അറ്റാച്ച്ഡ് റൂമുകളുണ്ടാകില്ല. ചിലയിടങ്ങളിൽ പൊതു ശൗചാലയം ഉപയോഗിക്കുന്ന സാഹചര്യവുമുണ്ട്. രണ്ടാം തരംഗത്തിൽ രോഗ വ്യാപനം രൂക്ഷമാകാൻ കാരണമായതും ഇതാണ്. അതുകൊണ്ടുതന്നെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സംവിധാനമില്ലാത്തവർക്ക് നഗരസഭയും ആരോഗ്യ വിഭാഗവും ചേർന്ന് പ്രത്യേക സൗകര്യമൊരുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.