ചെണ്ടുമല്ലിത്തോട്ടത്തിലെ ‘വിജയ'കൃഷി
text_fieldsകാക്കനാട്: ഓണക്കാലമായതോടെ വൈറലാണ് യുവ കർഷകനായ കെ.കെ വിജയന്റെ ചെണ്ടുമല്ലി തോട്ടം. കാക്കനാട് തുതിയൂര്‍ സബ് സ്റ്റേഷന് സമീപത്തെ വീടിനോട് ചേർന്ന പാട്ടത്തിനെടുത്ത സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പൂകൃഷി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്. ഉമാ തോമസ് എം.എൽ.എ, തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണി പിള്ള ഉൾപ്പടെ ഒട്ടനവധി പേരാണ് പൂപ്പാടം കാണാൻ എത്തിയത്. ഓണ വിപണി ലക്ഷ്യമിട്ട് 1200ഓളം തൈകളായിരുന്നു നട്ടത്. ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം മൂലം കുറച്ചധികം തൈകൾ നശിച്ചെങ്കിലും മൊട്ടിട്ട ചെടികൾ പൂത്തുലഞ്ഞതോടെ പ്രദേശമാകെ വർണാഭമായിരിക്കുകയാണ്.
രാത്രി കൂട്ടത്തോടെ എത്തുന്ന ഒച്ചുകളെ തുരത്താൻ വിജയനും രാത്രി ഉറക്കം ഒഴിവാക്കുകയായിരുന്നു. ഈ കഷ്ടപ്പാട് ഫലം കണ്ടതോടെ സൗരഭ്യം നുകരാൻ എത്തുന്ന പൂമ്പാറ്റകൾ കൂടി ആകുന്നതോടെ കഥകളിൽ വായിച്ച ശാന്തസുന്ദരമായ പൂന്തോട്ടമാണ് കാഴ്ചക്കാർക്ക് മുമ്പിൽ ഒരുങ്ങിയത്. കൃഷി വകുപ്പിന്റെ ആത്മ സീഡ് മണി പദ്ധതിയുടെ സഹായത്തോടെയാണ് കൃഷി വിപുലമാക്കിയത്.
കൃഷി അസി. ഡയറക്ടര്‍ ജെ.എസ്. സുധാകുമാരി, തൃക്കാക്കര കൃഷി ഓഫീസര്‍ പി.എ. ലുബീന, കൃഷി ഉദ്യോഗസ്ഥരായ ദീപ, എന്‍.ആര്. സവിത, പി.ഡി. ഇന്ദു, എസ്. അമൃതകുമാരി എന്നിവരുടെ പിന്തുണയോടെയാണ് ഓണവിപണി ലക്ഷ്യമിട്ടു പൂ കൃഷി ചെയ്യുന്നത്. അമ്മ ഭവാനിയുടെ നിര്‍ദേശങ്ങളും സഹോദരങ്ങളായ ഷാജി, ശശി, ഗിരീഷ് എന്നിവരുടെ സഹായവും പൂ കൃഷി വിജയമാക്കാന്‍ സഹായിച്ചു. കൃഷിത്തോട്ടം കാണാനും സെൽഫി എടുക്കാനും ആളു കൂടിയതോടെ ആകെ ബുദ്ധിമുട്ടിലാണ് വിജയൻ. പൂപറിക്കുകയും അറിയാതെ ആണെങ്കിലും ചവിട്ടി ഒടിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് വിജയന് പണിയായത്. എന്നാലും കാണാൻ വരുന്നവരെ ചിരിച്ച് കൊണ്ട് സ്വീകരിക്കുകയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.