ഹാർബർ പാലത്തിന്റെ അപകടാവസ്ഥ; പൊതുമരാമത്തിനും ജല അതോറിറ്റിക്കും നോട്ടീസ്
text_fieldsമട്ടാഞ്ചേരി: തോപ്പുംപടി ഹാർബർ പാലത്തിന്റെ അടി ഭാഗത്തെ ഗർഡറുകൾ താങ്ങി നിർത്തുന്ന സ്പാനുകൾ ദ്രവിച്ച സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തി ഫോർട്ട്കൊച്ചി സബ് കലക്ടർ. പൊതു മരാമത്ത്, ജല അതോറിറ്റി അധികൃതർക്ക് സബ് കലക്ടർ നോട്ടീസ് നൽകി.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തുന്ന സെക്്ഷൻ 133 പ്രകാരമാണ് നോട്ടീസ് നൽകിയത്. പാലത്തിന്റെ അടിഭാഗം പരിശോധിച്ച ശേഷം തോപ്പുംപടി വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പാലത്തിന്റെ അടി ഭാഗത്തെ ഗർഡറുകളിൽ ചിലത് ദ്രവിച്ച സാഹചര്യത്തിൽ പാലം അപകടാവസ്ഥയിലാണെന്നും സാങ്കേതിക വിദഗ്ധരെ കൊണ്ട് പാലം അടിയന്തരമായി പരിശോധിക്കണമെന്നും അപകടാവസ്ഥ പരിഹരിക്കണമെന്നും നോട്ടീസിൽ പറയുന്നു. ഗതാഗതം നിർത്തി വെക്കേണ്ട സാഹചര്യമുണ്ടെങ്കിൽ നിർത്തി വെക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. പൊതുമരാമത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്കാണ് നോട്ടീസ്.
പൊതുമരാമത്ത് അധികൃതർ കഴിഞ്ഞദിവസം പാലം പരിശോധിച്ചതിൽ പാലം അപകടാവസ്ഥയില്ലല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞിരുന്നു.
എന്നാൽ, റവന്യൂ അധികൃതർ നടത്തിയ പരിശോധനയിൽ പാലത്തിന്റെ അടി ഭാഗത്തെ ഗർഡറുകൾ തുരുമ്പ് പിടിച്ച നിലയിലും തൂണുകളിലും ജോയന്റുകളിലും വിള്ളലുകൾ ഉണ്ടെന്നും കണ്ടെത്തി.
രണ്ടടി വ്യാസമുള്ള ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പാലത്തിന്റെ ഗർഡറുകളിലൂടെയാണ് പോകുന്നത്. ഇതിന്റെ ഭാരവും പാലത്തിന്റെ ബലക്ഷയത്തിന് കാരണമായേക്കാം. അടിയന്തരമായി പാലത്തിന്റെ തകരാറുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും അതുവരെ നിലവിലെ ഗതാഗത സംവിധാനം നിലനിർത്തി വൺവേ ആക്കുകയോ അല്ലെങ്കിൽ അറ്റകുറ്റപ്പണികൾ കഴിയുന്നതുവരെ ഇരുചക്ര,മുചക്ര വാഹനങ്ങൾക്ക് മാത്രമായി ഗതാഗതം പരിമിതപ്പെടുത്തുകയോ ചെയ്യണമെന്നും അവർ അറിയിച്ചിരുന്നു.
നോട്ടീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ ബോധ്യപ്പെടുത്താനുണ്ടെങ്കിൽ ജനുവരി 23ന് ആർ.ഡി.ഒ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.