മുഹമ്മദ് യൂസഫിെൻറ വിയോഗം: ഓർമയായത് കൊച്ചിയിലെ നാടക കലയുടെ കാരണവർ
text_fieldsമട്ടാഞ്ചേരി: എട്ടാമത്തെ വയസ്സിൽ നാടക അഭിനയം തുടങ്ങിയ കൊച്ചിയിലെ നാടക കലയിലെ കാരണവർ മുഹമ്മദ് യൂസഫ് ഇനി ഓർമ. പ്രഫ. യൂസഫ് സേട്ട് സംവിധാനം ചെയ്ത 'അബ്ബാസ് അലി' എന്ന നാടകത്തിലൂടെയാണ് യൂസഫിെൻറ അരങ്ങേറ്റം.
പത്താം വയസ്സിൽ ബഷീറിെൻറ 'കഥാബീജം' എന്ന നാടകത്തിൽ വീണ്ടും അരങ്ങിലെത്തി. പിന്നീട് പതിനാറാം വയസ്സിൽ 'സഹോദരി പൂക്കാരി' എന്ന നാടകത്തിൽ 80 വയസ്സുകാരനായ വൃദ്ധെൻറ വേഷമിട്ടു. അഭിനയം കണ്ട് സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായർ അഭിനന്ദിച്ചപ്പോഴാണ് നാടകലോകം യൂസഫിനെ ശ്രദ്ധിച്ചു തുടങ്ങിയത്.
റിഹേഴ്സൽ കാണാനെത്തിയ ടിപ് ടോപ് അസീസ് തെൻറ എല്ലാ നാടകങ്ങളിലും യൂസഫിന് വേഷം നൽകി. എം.ഇ.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എൻ.കെ.എ ലത്തീഫിെൻറ ആരാധന എന്ന നാടകത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനും അവസരം കിട്ടി.
എറണാകുളം മുസ്ലിം വിമൻസ് അസോസിയേഷെൻറ കെട്ടിട നിർമാണത്തിനായി സിനിമ താരങ്ങളെ അണിനിരത്തി നടൻ ബഹദൂർ അവതരിപ്പിച്ച നാടകത്തിൽ അടൂർ ഭാസി, എസ്.പി. പിള്ള, മണവാളൻ ജോസഫ് എന്നിവർക്കൊപ്പം യൂസഫ് അഭിനയിച്ചു.
1966 ൽ ഷൊർണൂർ മ്യൂസിക് ക്ലബ് സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഏകാങ്കനാടക മത്സരത്തിൽ 'എസ്.ആർ.307' എന്ന നാടകത്തിലെ അഭിനയ മികവിന് രണ്ടാംസ്ഥാനം ലഭിച്ചു. പിൽക്കാലത്ത് കലാനിലയം സ്ഥിരം നാടകവേദിയിലും അദ്ദേഹത്തിന് അവസരം കിട്ടി. ഏഴ് ദശകങ്ങൾ നീണ്ട അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.