അഫ്ഗാനിസ്താനിലെ പരാജയം യു.എസിനേറ്റ തിരിച്ചടി -ടി.പി. ശ്രീനിവാസന്‍
text_fieldsകൊച്ചി: അഫ്ഗാനിസ്താനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ യു.എസ്. വരുത്തിയ തന്ത്രപരമായ പിഴവുകള്‍ ആഗോളതലത്തില്‍ യു.എസിൻെറ കാര്യപ്രാപ്തിയെക്കുറിച്ചുള്ള ധാരണ മാറ്റിയിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ സ്ഥാനപതി ടി.പി. ശ്രീനിവാസന്‍. 'അഫ്ഗാനിസ്താനില്‍നിന്നുള്ള യു.എസ്. പിന്മാറ്റം: പ്രത്യാഘാതങ്ങളും മുമ്പിലുള്ള വഴികളും' എന്ന വിഷയത്തില്‍ സെൻറര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സി.പി.പി.ആര്‍.) കൊച്ചി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 വര്‍ഷം അഫ്ഗാനിസ്താനില്‍ സമാധാനം നിലനിര്‍ത്താൻ വൻതുകയാണ് യു.എസ് ചെലവഴിച്ചത്. എന്നാല്‍ ഇന്ന് മാന്യമല്ലാത്ത പിന്‍വലിക്കലിലൂടെ അവര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു. അഫ്ഗാനിസ്താനില്‍നിന്നും സൈന്യത്തെ ഒഴിപ്പിക്കാനുള്ള പ്രസിഡൻറ് ജോ ബൈഡൻെറ തീരുമാനം ശരിയായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡൻറുമാര്‍ ചെയ്യാന്‍ ആഗ്രഹിച്ചത് അദ്ദേഹം നടപ്പിലാക്കി. എന്നാല്‍ ശരിയായ കാര്യം തെറ്റായ രീതിയിലാണ് അവര്‍ ചെയ്തത് -അദ്ദേഹം ചൂണ്ടികാട്ടി.
ഇന്ത്യ താലിബാനുമായി മുന്‍കരുതലോടെയുള്ള സംഭാഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ ഉതകുന്ന രീതിയില്‍ സൗമ്യമായ സംഭാഷണങ്ങള്‍ക്ക് മറ്റു രാജ്യങ്ങളേക്കാള്‍ പ്രാപ്തി തങ്ങള്‍ക്കുണ്ടെന്ന് ഇന്ത്യ മുമ്പും തെളിയിച്ചിട്ടുണ്ട് -ശ്രീനിവാസന്‍ വ്യക്തമാക്കി.
അഫ്ഗാനിസ്താനില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി, രാഷ്ട്രീയ പ്രതിസന്ധികളില്‍ മാറിക്കൊണ്ടിരിക്കുന്ന ബലതന്ത്രങ്ങള്‍, ഭാവി പ്രതീക്ഷകള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ സന്നദ്ധസംഘടനകള്‍, അക്കാദമിക് കേന്ദ്രങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി സി.പി.പി.ആര്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പരയുടെ ഭാഗമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്.
തൃശ്ശൂര്‍ എല്‍ത്തുരുത്ത് അലോഷ്യസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റൻറ് പ്രൊഫസറും സി.പി.പി.ആറിലെ ഗവേഷണ പങ്കാളിയുമായ ഡോ. ഷെല്ലി ജോണി വെബിനാര്‍ നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.