മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യം; അപകടക്കെണിയായി കലക്ടറേറ്റ് ലിങ്ക് റോഡ്
text_fieldsകാക്കനാട്: സീപോർട്ട് റോഡിലെ കലക്ടറേറ്റ് സിഗ്നൽ ജങ്ഷനിൽനിന്ന് പടമുകൾ കുന്നുംപുറം ജങ്ഷനില്‍ എത്തിച്ചേരുന്ന കലക്ടറേറ്റ് ലിങ്ക് റോഡിലെ വളവ് അപകടക്കെണിയാകുന്നു. ഓരോ മാസവും നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്.
നിയന്ത്രണംവിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം നടന്നത് കുറച്ച് ദിവസം മുമ്പാണ്. കലക്ടറേറ്റ്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാനപാത കൂടിയാണിത്.
എറണാകുളം ഭാഗത്തുനിന്ന് വരുന്ന 90 ശതമാനം വാഹനങ്ങളും ഈ ലിങ്ക് റോഡ് വഴിയാണ് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കുന്നത്. വീതി കുറഞ്ഞ ഈ റോഡിലെ വളവിന്റെ ഇരുവശവും താഴ്ചയാണ്. ഇവിടെ നടന്ന ഭൂരിഭാഗം അപകടങ്ങളിലും വാഹനങ്ങള്‍ നിയന്ത്രണംവിട്ട് പതിക്കുന്നത് 30 അടിയോളം താഴ്ചയിലേക്കാണ്.
രാത്രിയാണ് കൂടുതല്‍ വാഹനങ്ങളും ഇവിടെ അപകടത്തില്‍പെടുന്നത്. അതുകൊണ്ടുതന്നെ റോഡരികിലെ കുഴിയില്‍ വാഹനം വീണു കിടന്നാല്തന്നെ ആര്‍ക്കും പെട്ടെന്ന് കാണാനും സാധിക്കില്ല. നേരം പുലരുമ്പോഴാണ് പലരും രാത്രിയുണ്ടായ വാഹനാപകടങ്ങള്‍ അറിയുന്നതുതന്നെ. ഈ വളവിനെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നതോടെ അധികൃതര്‍ റോഡിന് കുറച്ച് ഭാഗത്ത് മാത്രം കൈവരികള്‍ സ്ഥാപിച്ച് കണ്ണില്‍ പൊടിയിട്ടു.
അതും വേണ്ടവിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്തു ഉറപ്പിക്കാതെ മണ്ണില്‍ കുഴിച്ചാണ് കൈവരികളുടെ കാലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
അപകട മുന്നറിയിപ്പ് ഇല്ല
അപകടകരമായ കൊടുംവളവായിട്ടും ഇവിടെ ഒരു മുന്നറിയിപ്പു ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിനും ഒരു സംവിധാനവുമില്ല. അപകട മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കുകയും വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരം കാണാന്‍ കഴിയും. ഇത്തരം അപകട വളവുകളില്‍ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുന്ന കോണ്‍വെക്സ് മിറര്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഇവിടെ അതും ഇല്ല.
കൂടാതെ ഇരുറോഡിലും പൂര്‍ണതോതില്‍ കൈവരികളും നിര്‍മിച്ചിട്ടില്ല.
റോഡിനോട് ചേര്‍ന്ന് കുറ്റിക്കാടുകള്‍ വളര്‍ന്ന് നില്ക്കുന്നതിനാല് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ വളവില്‍ എത്തുമ്പോഴാണ് കാണാന്‍ സാധിക്കുക. ഇതും അപകടത്തിന് വഴിയൊരുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.