ഡെങ്കിപ്പനി പ്രതിരോധം; മേയര്‍ നിഷ്ക്രിയത്വം പാലിക്കുകയാണോ?
text_fieldsകൊച്ചി: നഗരത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുമ്പോള്‍ മേയര്‍ നിഷ്ക്രിയത്വം പാലിക്കുകയാണെന്നാരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. എച് 1എന്‍ 1 പനി പടര്‍ന്നുപിടിച്ച് ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ ആശുപത്രികളില്‍ കിടക്ക പോലും ലഭിക്കാത്ത സാഹചര്യമാണെന്നും നഗരസഭയുടെ പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റിയെന്നാരോപിച്ചുമായിരുന്നു പ്രതിഷേധം. തുടർന്ന് കൗണ്‍സില്‍ നടപടികള്‍ അവസാനിപ്പിച്ച് മേയര്‍ ഹാള്‍ വിട്ടുപോയി.
മേയര്‍ ഡയസ്സില്‍ എത്തിയതോടെ പ്രതിപക്ഷം നടുത്തളത്തിലെത്തി പ്ലക്കാര്‍ഡും കൈയ്യിലേന്തി മുദ്രാവാക്യം മുഴക്കി. മേയറുടെ ആവശ്യപ്രകാരം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. അഷറഫ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്നാണ് യോഗ നടപടികള്‍ അവസാനിക്കുന്നതായി അറിയിച്ച് മേയര്‍ ഹാള്‍ വിട്ടുപുറത്ത് പോയത്.
കൊതുക് നിവാരണത്തിന് നഗരസഭ നടപടികള്‍ സ്വീകരിക്കാതെ മുന്നോട്ടുപോകുന്നത് ജനവഞ്ചനയാണെന്നും അടിയന്തരമായി നഗരത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ആവശ്യപ്പെട്ടു. വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുപേരെ നല്‍കുമെന്ന് പറഞ്ഞിട്ട് ഇതുവരെ ആരെയും നല്‍കിയിട്ടില്ലെന്നും വിമർശിച്ചു.
നഗരസഭയുടെ ഔദ്യോഗിക കണക്കനുസരിച്ച് ഹെല്‍ത്ത് ഓഫീസില്‍ നല്‍കിയിട്ടുള്ളത് കൊച്ചി നഗരത്തില്‍ 11 പേര്‍ക്ക് മാത്രമാണ് ഡെങ്കിപ്പനി എന്നതാണ്. ഇത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്. ഡെങ്കിപ്പനിയെ തുടര്‍ന്ന് മൂന്നോളം ജീവനുകള്‍ നഷ്ടപ്പെട്ടു. നഗരസഭയുടെ സമീപനം ഈ നിലയിലാണെങ്കില്‍ പ്രതിഷേധ സമരവുമായി മുന്നോട്ടു വരുമെന്നും പ്രതിപക്ഷ നേതാവും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.
കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയുള്ള പ്രതിപക്ഷ സമരം എന്തിനുവേണ്ടിയായിരുന്നുവെന്ന് അറിയില്ലെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിക്കവേ പറഞ്ഞു. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ ഇതുവരെ ഗൗരവചര്‍ച്ചകൾ വന്നിട്ടില്ല.
വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു ആവശ്യമെങ്കില്‍ പ്രതിഷേധം ഒഴിവാക്കി കൗണ്‍സില്‍ നടപടികളോട് സഹകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. കൊച്ചി കോര്പറേഷനിലേക്കാള് ഡെങ്കിപ്പനി പ്രശ്നം രൂക്ഷമായുള്ളത് നഗരസഭ അതിര്‍ത്തിക്ക് പുറത്താണെന്നും മേയര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.