ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു; ഡ്രൈവിങ് പരീക്ഷകൾ കൂട്ടി മോട്ടോർ വാഹന വകുപ്പ്
text_fieldsകാക്കനാട്: കെട്ടിക്കിടക്കുന്ന ഡ്രൈവിങ് പരീക്ഷ അപേക്ഷകൾ തീർപ്പാക്കാൻ സംവിധാനമൊരുക്കി മോട്ടോർ വാഹന വകുപ്പ്. അപേക്ഷകരുടെ എണ്ണം കൂടുതലുള്ള ആർ.ടി.ഒ ഓഫിസുകളിൽ രണ്ട് അധിക ബാച്ചുകൂടി ഉൾപ്പെടുത്തി പരീക്ഷ പൂർത്തിയാക്കാനാണ് തീരുമാനം. ഇതോടെ ദിവസേന 120 പേർക്കുകൂടി അധികമായി ഡ്രൈവിങ് പരീക്ഷയിൽ പങ്കെടുക്കാൻ കഴിയും.
മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിങ് ടെസ്റ്റ്പോലുള്ള സേവനങ്ങൾക്ക് നിയോഗിച്ച വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് പുറെമ എൻഫോഴ്സ്മെൻറ് സ്ക്വാഡിൽനിന്ന് രണ്ടുപേരെകൂടി കടമെടുത്താണ് പരീക്ഷകൾ നടത്തുക. ഇതോടെ നിലവിലുള്ളതിെൻറ ഇരട്ടിയോളം പേർക്ക് ദിവസേന ഡ്രൈവിങ് പരീക്ഷയിൽ പങ്കെടുക്കാം. ഒരു വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഒരുദിവസം 60 പേരുടെ ഡ്രൈവിങ് പരീക്ഷക്കാണ് നേതൃത്വം നൽകാൻ കഴിയുക.
എറണാകുളം ആർ.ടി.ഒ ഓഫിസിൽ 8000ത്തിലധികം ഡ്രൈവിങ് ലൈസൻസ് അപേക്ഷകളാണ് തീർപ്പാക്കാൻ ബാക്കിയുള്ളത്. കോവിഡ് ലോക്ഡൗണിനെത്തുടർന്നാണ് ഈ അവസ്ഥ വന്നത്. ഈ കണക്ക് ദിവസേന വർധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരമാവധി പെട്ടെന്ന് പൂർത്തിയാക്കാൻ വകുപ്പിെൻറ ഉത്തരവിറങ്ങിയത്.
നേരേത്ത രണ്ട് എം.വി.ഐമാരുടെ നേതൃത്വത്തിൽ രണ്ട് ബാച്ചിലായി 120 പേർക്കായിരുന്നു ദിവസേന പരീക്ഷ. എൻഫോഴ്സ്മെൻറ് വിഭാഗത്തിൽനിന്ന് രണ്ട് എം.വി.ഐമാരെകൂടി നിയോഗിക്കുന്നതോടെ ഇത് 240 ആക്കി ഉയർത്താൻ കഴിയും. രാവിലെയും ഉച്ചക്കും ഓരോ ബാച്ചുകൂടി അധികം െവക്കാനാണ് തീരുമാനം. ഇതോടെ രണ്ടുമാസം കൊണ്ടുതന്നെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. എൻഫോഴ്സ്മെൻറ് സ്ക്വാഡിൽനിന്ന് എം.വി.ഐമാരുടെ ലഭ്യത അനുസരിച്ചാകും അധിക ബാച്ചുകൾ. അതേസമയം, 240 പേർക്ക് പരീക്ഷയിൽ പങ്കെടുക്കാൻ ഉത്തരവ് ലഭിച്ചെങ്കിലും വ്യാഴാഴ്ച കാക്കനാട്ടെ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയത് നൂറ്റമ്പതോളം പേർ മാത്രമായിരുന്നു. വരും ആഴ്ചകളിൽ അപേക്ഷാർഥികൾ ഈ സൗകര്യം പൂർണമായി ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.