വികസന പ്രതീക്ഷ; മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാത വരുമോ, ഇല്ലയോ?
text_fieldsകൊച്ചി: മൂവാറ്റുപുഴ-കാക്കനാട് നാലുവരി പാതക്ക് വഴിതുറക്കുന്നു. കിഫ്ബി അനുമതി കാക്കുന്നത് 349 കോടി രൂപയുടെ പദ്ധതിയാണ്. ജില്ലയിലെ കിഴക്കൻ മേഖലയുടെ വികസനത്തിൽ നിർണായകമാകുന്ന മൂവാറ്റപുഴ- കാക്കനാട് നാലുവരി പാതക്കായുളള വിശദ പദ്ധതി റിപ്പോർട്ടാണ് പൊതുമരാമത്ത് വകുപ്പ് കിഫ്ബിക്ക് കൈമാറിയത്. പൊതുമരാമത്ത് ഡിസൈൻ വിഭാഗം നൽകിയ 349 കോടിയുടെ എസ്റ്റിമേറ്റ് കിഫ്ബി അംഗീകരിച്ചാൽ അത് ജില്ലയുടെ റോഡ് വികസനത്തിൽ പ്രധാന നേട്ടമാകും.
ഒപ്പം തൃക്കാക്കര, കുന്നത്തുനാട്, മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളുടെ വികസന മുന്നേറ്റത്തിൽ വഴിത്തിരിവുമാകും.
മൂവാറ്റപുഴ-കാക്കനാട് റോഡിലെ വാഴപ്പിള്ളി മുതൽ കിഴക്കമ്പലം വരെയുളള നിർമാണ പ്രവർത്തനങ്ങൾക്കും സ്ഥലമേറ്റെടുപ്പിനുമായി 309 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. അലൈൻമെന്റെ് ഉൾപ്പടെ സർവേ അടക്കമുളള നടപടികൾക്കായി നേരത്തെ സർക്കാർ 40 കോടിയും അനുവദിച്ചിരുന്നു.
സ്വപ്നങ്ങളോടൊപ്പം കടമ്പകളുമേറെ
പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചെങ്കിലും യാഥാർഥ്യത്തിലെത്താൻ കടമ്പകളേറെയാണ്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന വില്ലൻ. നേരത്തെ ആസൂത്രണം ചെയ്ത തങ്കളം കാക്കനാട് ഹൈവേയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ നിലച്ച മട്ടാണ്. ഈ പാതക്കായി കോതമംഗലത്തെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പദ്ധതി നിലച്ചത്. നിർദിഷ്ട മൂവാറ്റുപുഴ- കാക്കനാട് പാത കിഴക്കമ്പലത്തെത്തുമ്പോൾ തങ്കളം കാക്കനാട് ഹൈവേയിലേക്ക് യോജിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി നിലച്ച സാഹചര്യത്തിൽ ഇതിന്റെ സാധ്യതകൾ ഏറെ സങ്കീർണമാണ്. ഇതല്ലെങ്കിൽ മൂവാറ്റുപുഴ-കാക്കനാട് നാലുവരിപാതക്കായി കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലായി വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടിവരും.
കിഴക്കൻ മേഖല കാത്തിരിക്കുന്നു
കിഴക്കൻ പ്രദേശങ്ങളുടെ വികസന കാര്യത്തിൽ വലിയ മാറ്റമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂവാറ്റുപുഴ- കാക്കനാട് റോഡിൽ വാഴപ്പിള്ളി മുതൽ കിഴക്കമ്പലം വരെ 19.22 കിലോമീറ്റർ റോഡ് 23 മീറ്റർ വീതിയിലാക്കിയാണ് നാലുവരി പാത വിഭാവനം ചെയ്യുന്നത്. വീതി കൂട്ടുന്നതിന്റെ ഭാഗമായി നിലവിലുളള റോഡിന്റെ ഇരുവശങ്ങളിലും പുറമ്പോക്കൊഴിച്ചുളള ബാക്കി സ്ഥലം ഏറ്റെടുക്കും. റോഡിനോട് ചേർന്ന കെട്ടിടങ്ങളടക്കമുളള നിർമാണ പ്രവർത്തനങ്ങളും പൊളിച്ച് നീക്കും. സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോൾ ഭൂ ഉടമകൾക്ക് ഏറ്റവും പുതിയ നഷ്ടപരിഹാര പാക്കേജും നൽകും. ജില്ലയുടെ കിഴക്കൻ മേഖലയോടൊപ്പം ഇടുക്കി ജില്ലയിൽ നിന്നുമുളളവർക്ക് വേഗത്തിലും എളുപ്പത്തിലും എറണാകുളത്തേക്കെത്താൻ നിർദിഷ്ട പാത ഉപകാരപ്പെടും.
എന്ന് തീരും ദുരിതം
റോഡ് വികസനത്തിന് വമ്പൻ പദ്ധതികൾ അണിയറയിലൊരുങ്ങുമ്പോഴും പതിറ്റാണ്ടുകളായി യാത്രാദുരിതം അനുഭവിക്കുകയാണ് മൂവാറ്റുപുഴ- കാക്കനാട് റോഡിലെ കിഴക്കമ്പലം മുതൽ നെല്ലാട് വരെയുളള യാത്രക്കാർ.
റോഡ് തകർന്നിട്ട് പതിറ്റാണ്ട് പിന്നിട്ടു. സമരങ്ങളും നിയമപോരാട്ടങ്ങളും ഏറെ ഉണ്ടായെങ്കിലും പരിഹാരമായില്ല.
ഒരു വർഷം മുമ്പ് പേരിന് അറ്റകുറ്റപ്പണി നടത്തിയത് മാത്രമാണ് അപവാദം. നിലവിൽ റോഡ് പുനർനിർമാണത്തിനായി ടെൻഡർ നടപടികൾ പൂർത്തിയാക്കി ഈ മാസംതന്നെ പുനർ നിർമാണം നടത്തുമെന്ന അധികൃതരുടെ വാക്കിൽ വിശ്വസിച്ചിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.