ഡീസൽ വിലവർധന, മത്സ്യക്ഷാമം ബോട്ടുകൾ പൊളിച്ച് ഉടമകൾ
text_fieldsമട്ടാഞ്ചേരി: ഡീസൽ വില വർധനയും മത്സ്യലഭ്യത കുറവും ബോട്ട് വ്യവസായത്തിന് തിരിച്ചടിയാകുന്നു. നഷ്ടം സഹിക്കാനാവാതെ ഉടമകളിൽ പലരും ബോട്ടുകൾ പൊളിക്കാൻ തുടങ്ങി. കുതിച്ചുയരുന്ന ഡീസൽ വിലയെ തുടർന്ന് നഷ്ടം സഹിക്കാനാവാത്തതാണ് ബോട്ടുകൾ തന്നെ പൊളിച്ച് വ്യവസായത്തിൽനിന്ന് പിൻമാറാൻ ചിന്തിക്കുന്നതിന് കാരണമെന്ന് ഉടമകൾ പറയുന്നു. പത്തോളം ബോട്ടുകൾ പൊളിക്കാനായി യാർഡിൽ കാത്തുകിടക്കുകയാണ്. ഒരു ദിവസം ശരാശരി 500 നും 600 നും ഇടയിൽ ഡീസൽ ഒരു ബോട്ട് കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് ആവശ്യമാണ്. ഇതിനു പുറമെ ഐസ്,തൊഴിലാളികളുടെ വിഹിതം, ഭക്ഷണം എന്നിവയടക്കം നല്ലൊരു തുക ചെലവാകുമ്പോൾ ഒരാഴ്ചയോളം കടലിൽ കിടന്ന് ബോട്ടുകൾ തിരിച്ചു വരുമ്പോൾ ചെലവായ തുക പോലും ലഭിക്കുന്നില്ലെന്ന് കൊച്ചിയിലെ ബോട്ട് ഉടമ അസോസിയേഷൻ ഭാരവാഹികളായ സിബിച്ചൻ, ഫൈസൽ എന്നിവർ പറഞ്ഞു.
സർക്കാർ സബ്സിഡി അനുവദിക്കാത്തത് മേഖലക്ക് കനത്ത തിരിച്ചടിയായതായി ഇവർ പറയുന്നു. അയൽ സംസ്ഥാനങ്ങളടക്കം മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് ഡീസൽ സബ്സിഡി നൽകുമ്പോൾ ഇവിടെ മത്സ്യബന്ധന ബോട്ടുകൾക്ക് ലൈസൻഫീ, ഹാർബർ ഫീ, തങ്ങളുടെതല്ലാത്ത തൊഴിലാളികൾക്ക് വേണ്ടി ക്ഷേമനിധി വിഹിതം എന്നിവ നൽകുന്നതിനൊപ്പം ബോട്ടിന് ഡീസൽ അടിക്കുമ്പോൾ റോഡ് സെസ് വരെ നൽകേണ്ട അവസ്ഥയാണ്. ഇതിനു പുറമെ നിസ്സാര കാര്യങ്ങൾക്ക് വരെ പിഴ ഈടാക്കുന്നതും പതിവാണ്. സംസ്ഥാനത്ത് ബോട്ട് വ്യവസായത്തിന് സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. നേരിട്ടും അനുബന്ധമായും ലക്ഷങ്ങളുടെ ജീവിതമാർഗമാണ് മത്സ്യ ബന്ധനമെന്നത് സർക്കാർ ഗൗനിക്കുന്നില്ലെന്നും ഉടമകൾ പറയുന്നു. വെള്ളത്തിലൂടെ ഓടുന്ന ബോട്ടിൽ നിറക്കുന്ന ഇന്ധനത്തിന് റോഡ്സെസ് കൊടുക്കേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ ബോട്ടുടമകൾ എന്നും ഇവർ പറയുന്നു.
ഒന്നും രണ്ടും ബോട്ടുകൾ ഉള്ളവർക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തിെൻറ മുഖ്യ വരുമാന മാർഗങ്ങളിൽ ഒന്നായ ബോട്ട് വ്യവസായം മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ സംജാതമാകും. ലക്ഷക്കണക്കിന് കുടുംബങ്ങളെ ഇത് ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.