ഭിന്നശേഷി വിദ്യാർഥികളുടെ കൈപിടിച്ച് ഡയപ്പർ ബാങ്ക് പദ്ധതി
text_fieldsകൊച്ചി: വിധിയുടെ വിളയാട്ടത്തിൽ കിടപ്പിലായ വിദ്യാർഥികൾക്കായി ഡയപ്പർ ബാങ്കൊരുക്കി സമഗ്ര ശിക്ഷ കേരള. ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്ററുകൾക്ക് കീഴിൽ വരുന്ന വിദ്യാർഥികൾക്കായാണ് ഡയപ്പർ ബാങ്കൊരുക്കുന്നത്.
ജില്ലതല ഉദ്ഘാടനം വൈപ്പിൻ ബി.ആർ.സിയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഭിന്നശേഷി വിദ്യാർഥികളുടെ പരിചരണത്തിൽ രക്ഷിതാക്കൾക്കൊരു കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
ഗുണഭോക്താക്കൾ 380 വിദ്യാർഥികൾ
ജില്ലയിലെ വിദ്യാലയങ്ങളിൽ 6563 ഭിന്നശേഷി വിദ്യാർഥികളാണുള്ളത്. ഇതിൽതന്നെ 380 പേർ കിടപ്പിലായവരോ വീൽചെയർ സഹായത്തോടെ സഞ്ചരിക്കുന്നവരോ ആണ്.
സമഗ്ര ശിക്ഷയുടെ കീഴിലുള്ള സ്പെഷൽ എജുക്കേറ്റർമാർ ബുധനാഴ്ചകളിൽ ഇവരുടെ വീട്ടിലെത്തി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ രീതിയിലാണ് പഠിപ്പിക്കുന്നത്. ഇത്തരത്തിൽ കിടപ്പിലായ ഒരു വിദ്യാർഥി ദിവസേന ചുരുങ്ങിയത് മൂന്ന് ഡയപ്പറെങ്കിലും ഉപയോഗിക്കുമെന്നാണ് കണക്ക്.
ഈയിനത്തിൽ ഒരുവർഷം 1100ഓളം ഡയപ്പറുകൾ ഒരാൾക്ക് വേണ്ടിവരും. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും സാധാരണക്കാരോ അതിൽ താഴെയുള്ളവരോ ആയതിനാൽ ഇത് രക്ഷിതാക്കൾക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.