കൊച്ചിയുടെ ബിഗ് ബ്രദർ
text_fieldsകൊച്ചി: ‘ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകൻ സിദ്ദീഖ് ഞങ്ങളെ വിട്ടുപോയ വിവരം അങ്ങേയറ്റം ഖേദത്തോടെ അറിയിക്കുകയാണ്. ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ വിടപറയൽ സ്ഥിരീകരിക്കപ്പെട്ടത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും ദുഃഖം നിറഞ്ഞ വാർത്തയാണ്’-സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അമൃത ആശുപത്രി മുറ്റത്ത് തടിച്ചുകൂടിയ മാധ്യമപ്രവർത്തകരോട് ഇത് പറയുമ്പോൾ ദുഃഖം കടിച്ചമർത്താൻ ഏറെ പാടുപെട്ടു. അടുത്തുനിന്ന സിദ്ദീഖിന്റെ പ്രിയ സുഹൃത്ത് ലാലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരുവാക്കുപോലും പറയാതെ അദ്ദേഹം സങ്കടം അടക്കിപ്പിടിച്ചുനിന്നു. കരൾ രോഗവും ന്യൂമോണിയയും പിടിപെട്ട സിദ്ദീഖ് 20 ദിവസത്തോളമായി ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കുന്നതടക്കം ആലോചനകൾ നടക്കുകയും ബന്ധുവിന്റെ കരൾ ദാനം ചെയ്യാൻ ഏകദേശ ധാരണയിലെത്തുകയും ചെയ്തിരുന്നു. കടുത്ത പ്രമേഹരോഗവും സിദ്ദീഖിനെ അലട്ടിയിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ ആരോഗ്യനിലയിലുണ്ടായ ആശാവഹമായ മാറ്റം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏറെ പ്രതീക്ഷനൽകി. ഒരുഘട്ടത്തിൽ സിദ്ദീഖ് ജീവിതത്തിലേക്ക് തിരിച്ചുവരും എന്നുതന്നെ അവർ ഉറപ്പിച്ചു. അതിനായി പ്രാർഥിച്ചു. ഇതിനിടെയാണ് അദ്ദേഹത്തിന് കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടതും ആരോഗ്യനില കൂടുതൽ വഷളായതും. എഗ്മോ വെന്റിലേറ്ററിന്റെ സപ്പോർട്ടോടെയാണ് പിന്നീടങ്ങോട്ട് ജീവൻ നിലനിർത്തിയിരുന്നത്.
ചൊവ്വാഴ്ച രാവിലെ മെഡിക്കൽ ബോർഡ് യോഗംചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടൊപ്പം രാവിലെ മുതൽ അഭ്യൂഹങ്ങളും പ്രചരിച്ചുതുടങ്ങി. സിദ്ദീഖിന്റെ നില അതീവ ഗുരുതരമാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സിനിമ രംഗത്തെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ജീവന് വേണ്ടിയുള്ള പ്രാർഥനകളുമായി ഒട്ടേറെപ്പേർ ആശുപത്രി പരിസരത്തും തടിച്ചുകൂടി. നിരവധി മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. സംവിധായകന്മാരായ ലാൽ, ബി. ഉണ്ണികൃഷ്ണൻ, ലാൽ ജോസ്, റാഫി, ഷാഫി, മേജർ രവി, നടന്മാരായ ദിലീപ്, റഹ്മാൻ, സിദ്ദീഖ്, സാദിഖ്, ടിനി ടോം, ഗായകൻ എം.ജി. ശ്രീകുമാർ തുടങ്ങിയവർ ആശുപത്രിയിലെത്തി.
വൈകീട്ടായതോടെ സിദ്ദീഖ് അന്തരിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും ചില ഓൺലൈൻ ചാനലുകളിലും വാർത്തകൾ വന്നുതുടങ്ങി. പ്രമുഖരടക്കം ഈ വാർത്ത പങ്കുവെക്കുകയും അതിന് താഴെ ഒട്ടേറെപ്പേർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അപ്പോഴും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇതറിഞ്ഞതോടെ പലരും വാർത്തകൾ പിൻവലിച്ചു. രാത്രി എട്ടരയോടെ സിദ്ദീഖിന്റെ കുടുംബവുമായി സംസാരിച്ചശേഷം അവരുടെകൂടി പൂർണ സമ്മതത്തോടെയാണ് മരണം സ്ഥിരീകരിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ബി. ഉണ്ണികൃഷ്ണൻ, ലാൽ, ആന്റോ ജോസഫ് എന്നിവർ മാധ്യമങ്ങൾക്ക് മുന്നിലെത്തി ഇക്കാര്യം അറിയിച്ചു. രാത്രി വൈകിയും സിനിമ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലുള്ള ഒട്ടേറെപ്പേർ ആശുപത്രിയിലെത്തി പ്രിയ കലാകാരന് അന്തിമോപചാരം അർപ്പിച്ചു.
സ്നേഹത്തിന്റെ അയൽപക്കം
പുല്ലേപ്പടി ദാറുൽ ഉലൂം എച്ച്.എസ്.എസ് മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് സംവിധായകൻ സിദ്ദീഖിനെ അനുസ്മരിക്കുന്നു
വർഷങ്ങൾക്ക് മുമ്പ് താമസം തുടങ്ങിയ കാലം മുതൽ ഞങ്ങളുടെ ഏറ്റവും അടുത്ത അയൽപക്കമായിരുന്നു സിദ്ധീഖിന്റെ ബാപ്പ ഇസ്മാഈൽ സാഹിബ്. അദ്ദേഹവും എന്റെ പിതാവ് ഹാജി ഈസാ കിക്കി സേട്ടും തമ്മിൽ വളരെ അടുത്ത സ്നേഹബന്ധമായിരുന്നു. ആ കാലം മുതൽ തന്നെ സിദ്ദീഖുമായി എനിക്കും അടുത്ത ബന്ധമായിരുന്നു. ചെറുപ്രായത്തിൽത്തന്നെ എല്ലാവരോടും നിറപുഞ്ചിരിയോടെയാണ് സിദ്ധീഖിന്റെ പെരുമാറ്റം. 1978 കാലഘട്ടത്തിൽ പുല്ലേപ്പടിയിലെ ദാറുൽ ഉലും സ്കൂൾ ഹൈസ്കൂൾ ആയപ്പോൾ അവിടെ ക്ലർക്കിന്റെ ഒഴിവ് വന്നു. ഞങ്ങളുടെ മാനേജ്മെന്റിൽ നടന്നിരുന്ന ദാറുൽ ഉലൂമിലെ ഈ ഒഴിവിലേക്ക് സിദ്ധീഖിനെ നിയമിക്കാൻ ഞങ്ങൾക്ക് രണ്ടാമതൊരു ആലോചന വേണ്ടിവന്നില്ല. ഏതാണ്ട് എട്ടു വർഷത്തോളം അദ്ദേഹം ദാറുൽ ഉലൂമിൽ സ്തുത്യർഹമായ സേവനം ചെയ്തു. പിന്നീട് കലാരംഗത്ത് കൂടുതൽ സജീവമായി. ഞങ്ങളുടെ സമീപത്ത് ആബേലച്ചന്റെ നേതൃത്വത്തിലെ കൊച്ചിൻ കലാഭവൻ ആണ് കലാരംഗത്തെ അദ്ദേഹത്തിന്റെ പ്രതിഭയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്. സുഹൃത്ത് ലാലുമായി ചേർന്ന് സിനിമാരംഗത്ത് പ്രശസ്തിയുടെ പടവുകൾ കയറിയപ്പോഴും അദ്ദേഹത്തിന്റെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ യാതൊരുവിധ മാറ്റവുമുണ്ടായില്ലെന്ന് മാത്രമല്ല, കൂടുതൽ വിനയാന്വിതനായി തീരുകയായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി അദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദം എടുത്തു പറയേണ്ടതാണ്. ദാറുൽ ഉലൂമിലെ ഏതൊരു പരിപാടിക്ക് ക്ഷണിച്ചാലും അദ്ദേഹം എത്ര തിരക്കിനിടയിലും എത്തിച്ചേരും.
അത്രക്ക് ഗൃഹാതുരത്വമായിരുന്നു ദാറുൽ ഉലൂമുമായി അദ്ദേഹത്തിന്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് അദ്ദേഹത്തിന്റെ നിറസാന്നിധ്യം പലപ്പോഴും പുറംലോകം അറിയാറില്ല. അദ്ദേഹത്തിന്റെ നന്മകൾ നാഥൻ സ്വീകരിക്കുകയും പരലോകജീവിതം സ്വർഗീയമാക്കുകയും ചെയ്യുമാറാകട്ടെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.