പൊട്ടിച്ചിരിപ്പിച്ച സിദ്ദീഖിന്റെ ഓർമകളിൽ വിങ്ങിപ്പൊട്ടി കൊച്ചി
text_fieldsകൊച്ചി: സിനിമകളിലൂടെ പൊട്ടിച്ചിരിപ്പിച്ച പ്രിയസുഹൃത്തിന്റെ വേർപാടിൽ നാട് വിങ്ങിപ്പൊട്ടി. സംവിധായകൻ സിദ്ദീഖ് കൊച്ചിക്ക് അത്രയും വേണ്ടപ്പെട്ടവനായിരുന്നു. സാംസ്കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു സൗമ്യനായ അദ്ദേഹം. അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ് ബന്ധങ്ങൾ വ്യക്തമാകുന്ന കാഴ്ചക്കാണ് ബുധനാഴ്ച കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആശുപത്രിയിൽനിന്ന് കടവന്ത്രയിലേക്ക് പൊതുദർശനത്തിന് സിദ്ദീഖിന്റെ മൃതദേഹം എത്തിക്കുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന് പേരാണ് അവിടെ തടിച്ചുകൂടിയത്. വിദ്യാർഥികൾ മുതൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ വരെ വളരെ നേരത്തേ തന്നെ അവിടെ എത്തിയിരുന്നു.
ഇൻഡോർ സ്റ്റേഡിയം പൂക്കൾകൊണ്ട് അലങ്കരിച്ചിരുന്നു. ആളുകൾക്ക് കടന്നുപോകാൻ പ്രത്യേക പാതയൊരുക്കി.
സിദ്ദീഖിന്റെ മൃതദേഹം അവിടെ എത്തിക്കുമ്പോൾ സിനിമ പ്രവർത്തകരുടെ വൻകൂട്ടം തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. ഏറ്റവുമടുത്ത സുഹൃത്തും സംവിധാന പങ്കാളിയുമായിരുന്ന ലാൽ നെഞ്ചുതകർന്ന് കരയുന്ന കാഴ്ച ഏവരുടെയും കണ്ണ് നിറക്കുന്നതായിരുന്നു. പൊതുദർശനം ആരംഭിച്ചതോടെ ആളുകളുടെ വലിയ ഒഴുക്കാണ് അവിടേക്കുണ്ടായത്. ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് പുഷ്പചക്രം സമർപ്പിച്ചു.
മേയർ എം. അനിൽകുമാറും സ്ഥലത്തെത്തി. മിമിക്രി കാലഘട്ടത്തിലെ സഹപ്രവർത്തകർ, കോളജിലും സ്കൂളിലും ഒപ്പം പഠിച്ചവർ, കുടുംബാംഗങ്ങൾ എന്നിവരും അവിടെയുണ്ടായിരുന്നു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് സിദ്ദീഖിലെ നന്മ മാത്രം. ഓർമകളിൽ വിതുമ്പിയവർ പരസ്പരം ആശ്വാസവാക്കുകളായി. സിദ്ദീഖിന്റെ ഭൗതിക ശരീരം സന്ദർശിച്ചശേഷം പൊതുദർശനം അവസാനിക്കും വരെ ഭൂരിഭാഗം സിനിമ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരും അവിടെ നിന്ന് മടങ്ങിയില്ല. സമീപത്തെ കസേരകളിൽ ഇരുന്ന് അദ്ദേഹവുമൊത്തുള്ള ഓർമകൾ ഓരോരുത്തരും പങ്കുവെച്ചു. ഗുരുവായ സംവിധായകൻ ഫാസിലും മകൻ ഫഹദ് ഫാസിലും ഒരുമിച്ചാണ് എത്തിയത്. ഇവർ ലാലിന്റെ അടുത്ത് എത്തിയതോടെ വികാര നിർഭര രംഗങ്ങളാണ് അരങ്ങേറിയത്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒരുമിച്ചാണ് എത്തിയത്. ഏറെ നേരം സ്ഥലത്ത് ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. ജഗദീഷ് ഓരോരുത്തരെയും സന്ദർശിച്ച് ആശ്വാസ വാക്കുകൾ പറഞ്ഞു. സിദ്ദീഖിനെക്കുറിച്ച് ഒരുപാടുണ്ടായിരുന്നു അദ്ദേഹത്തിന് മാധ്യമങ്ങളോടും പറയാൻ. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ സിനിമകളിൽ സിദ്ദീഖിൽ നിന്നുണ്ടായ ചേർത്തുപിടിക്കലുകൾ അദ്ദേഹം ഓർമിച്ച് പറഞ്ഞു. ആദ്യ സിനിമയിലെ നായകനായ സായ് കുമാർ കണ്ണീരണിഞ്ഞാണ് എത്തിയത്. ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്റ് ജമാൽ അസ്ഹരി, ജനറൽ സെക്രട്ടറി സുഹൈൽ ഹാഷിം എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.
നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി ഉച്ചക്ക് 12ഓടെ ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുപോയി. നടൻ മുകേഷ്, എം.എൽ.എമാരായ ഉമ തോമസ്, അൻവർ സാദത്ത് ഉൾപ്പെടെ നിരവധിയാളുകൾ അവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. പ്രാർഥനകൾക്കും ഔദ്യോഗിക ബഹുമതിക്കും ശേഷം വൈകീട്ട് അഞ്ചരയോടെ എറണാകുളം സെൻട്രൽ ജുമുഅ മസ്ജിദിലെത്തിച്ചു. ഔദ്യോഗിക ബഹുമതിയോടെയായിരുന്നു ഖബറടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.