സ്വകാര്യ ബസുകളുടെ ദൂരപരിധി: ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിനപ്പുറം ദീർഘദൂര സർവിസിന് അനുമതി നൽകാത്ത സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ദീർഘദൂര പെർമിറ്റുള്ള ബസുടമകൾ നൽകിയ ഹരജിയിലാണ് 2023 മേയ് മൂന്നിലെ സർക്കാർ ഉത്തരവ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് റദ്ദാക്കിയത്. പെർമിറ്റുള്ള വാഹനങ്ങൾക്ക് ദീർഘദൂര സർവിസിന് അനുമതി നൽകിയ കോടതി വിധിയുടെയും മറ്റും ലംഘനമാണ് സർക്കാർ ഉത്തരവെന്ന ഹരജിക്കാരുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി.
ദീർഘദൂര സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ ബസുടമകൾ മുമ്പ് നൽകിയ ഹരജിയിൽ ദീർഘദൂര സർവിസിന് സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവിസ് നടത്താനും പെർമിറ്റുകൾ പുതുക്കി നൽകാനും നിർദേശിക്കുന്ന സിംഗിൾ ബെഞ്ച് ഉത്തരവ് 2022 ജനുവരി 12നാണ് ഉണ്ടായത്. ഇതിനെതിരായ സർക്കാറിന്റെ അപ്പീലിൽ സിംഗിൾ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു. ഈ സ്റ്റേ ഉത്തരവിൽ ഭേദഗതി വരുത്തി, ദീർഘദൂര പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക് ഡിവിഷൻ ബെഞ്ചും പിന്നീട് സർവിസിന് അനുമതി നൽകിയിരുന്നു. ഇതിനിടെയാണ് കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ക്ലാസ് ബസുകൾ ഓടിക്കാനുള്ള ലക്ഷ്യത്തോടെ വീണ്ടും 2023 മേയിൽ ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മോട്ടോർ വാഹന നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി ഭേദഗതികൾ കൊണ്ടുവരാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇത് കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.