സൗജന്യ റേഷൻ കിറ്റ് വിതരണം; കമീഷൻ കുടിശ്ശികക്കായി വ്യാപാരികൾ നെട്ടോട്ടത്തിൽ
text_fieldsമട്ടാഞ്ചേരി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് റേഷൻ കടകളിലൂടെ വിതരണം ചെയ്തതിന്റെ കമീഷൻ കുടിശ്ശികക്കായി റേഷൻ വ്യാപാരികളുടെ കാത്തിരിപ്പിന് അവസാനമാകുന്നില്ല.
കോടതി ഉത്തരവുണ്ടായിട്ടും കുടിശ്ശിക നൽകുന്നതിൽ സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത് .
പതിനൊന്ന് മാസത്തെ തുകയാണ് നൽകാനുള്ളത്. 50.86 കോടി രൂപയോളം റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുണ്ട്. 2020 ഏപ്രിൽ മുതൽ ആരംഭിച്ച കിറ്റ് വിതരണത്തിൽ രണ്ട് മാസത്തെ കമീഷൻ മാത്രമാണ് ലഭിച്ചത്. ആദ്യം ഏഴ് രൂപയായിരുന്ന കമീഷൻ അഞ്ച് രൂപയായി കുറച്ചിട്ടും തുക നൽകാൻ അധികൃതർ തയാറായിട്ടില്ല.
കോവിഡ് കാലത്ത് പ്രവർത്തിച്ച അപൂർവം സ്ഥാപനങ്ങളിലൊന്നാണ് റേഷൻ കടകൾ. പ്രത്യേക കേന്ദ്രം വാടകക്ക് എടുത്താണ് പലരും കിറ്റുകൾ സൂക്ഷിച്ചത്. ഈ ഇനത്തിൽ തന്നെ വലിയ ബാധ്യത വ്യാപാരികൾക്കുണ്ടായി.
കോവിഡ് കാലത്ത് 65 റേഷൻ വ്യാപാരികളാണ് മരിച്ചത്. ഇവർക്ക് നഷ്ട പരിഹാരം നൽകാനും അധികൃതർ തയാറായിട്ടില്ല. കുടിശ്ശിക ലഭിക്കാൻ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിയാണ് ആദ്യം കോടതിയെ സമീപിച്ചത്. പിന്നീട് മറ്റുള്ളവരും കോടതിയെ സമീപിച്ചു. തുക നൽകണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും നടപടിയുണ്ടായില്ല.
ഇതിനെ തുടർന്ന് കോടതിയലക്ഷ്യത്തിന് കേസ് കൊടുത്തിരിക്കുകയാണ് റേഷൻ വ്യാപാരികൾ. ഭക്ഷ്യ വകുപ്പിന് താൽപര്യമുണ്ടെങ്കിലും ധനവകുപ്പ് തടസ്സം നിൽക്കുകയാണെന്നാണ് റേഷൻ വ്യാപാരികളുടെ ആക്ഷേപം.
സർക്കാർ നിലപാട് തിരുത്തി കുടിശ്ശിക നൽകാൻ തയാറാകണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, അസോസിയേഷൻ കൊച്ചി സിറ്റി പ്രസിഡന്റ് കെ.കെ. കുഞ്ഞച്ചൻ, സെക്രട്ടറി സി.എ. ഫൈസൽ, ആർ.എസ്. അഷറഫ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.