വായുമലിനീകരണം നിരീക്ഷണത്തിന് ജില്ല ഭരണകൂടം
text_fieldsകാക്കനാട്: കൊച്ചി നഗരത്തിൽ അന്തരീക്ഷത്തിലെ രാസബാഷ്പ മാലിന്യത്തിന്റെ അളവ് വർധിക്കുന്നത് തടയാൻ ശക്തമായ നടപടികളുമായി ജില്ല ഭരണകൂടം. മലിനീകരണ സ്രോതസ്സുകൾ നിരീക്ഷിച്ച് കർശന നടപടി സ്വീകരിക്കാനും നഗരത്തിലെ പച്ചപ്പ് വർധിപ്പിക്കാനും കലക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
മലിനീകരണത്തോത് കൃത്യമായി നിരീക്ഷിച്ച് വായുവിന്റെ ഗുണമേന്മ സംബന്ധിച്ച് വിശദപഠനം നടത്തും. ദുരന്തനിവാരണ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നേതൃത്വത്തിലാണ് പഠനം. ഇതിന് നാഷനൽ സർവിസ് സ്കീമിന്റെയും നെഹ്റു യുവകേന്ദ്രയുടെയും വളന്റിയർമാരെ നിയോഗിക്കും. നഗരത്തിൽ 12 ഇടത്താണ് നിലവിൽ മലിനീകരണ നിയന്ത്രണ ബോർഡിന് നിരീക്ഷണ സംവിധാനമുള്ളത്. വൈറ്റില ജങ്ഷനും മൊബിലിറ്റി ഹബ്ബും ഉൾപ്പെടുന്ന വൈറ്റിലയിലെ നിരീക്ഷണ സംവിധാനത്തിലാണ് ഏറ്റവും കൂടുതൽ മലിനീകരണം രേഖപ്പെടുത്തിയിട്ടുള്ളത്. ഉയർന്ന വാഹന സാന്ദ്രതയാണ് മലിനീകരണം വർധിക്കാൻ കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ്ബിൽ വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന വാതകങ്ങൾ അനുവദനീയ അളവിലാണോ എന്ന് പരിശോധിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും സംവിധാനമേർപ്പെടുത്തും. കലൂരിൽ സ്റ്റേഡിയത്തിനുസമീപം പുതിയ നിരീക്ഷണകേന്ദ്രം മാർച്ചിൽ പ്രവർത്തനം തുടങ്ങും.
അന്തരീക്ഷ വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് നഗരത്തെ കൂടുതൽ ഹരിതാഭമാക്കാനും കലക്ടർ നിർദേശം നൽകി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്, വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടർ കെ. ഉഷ ബിന്ദു മോൾ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. ബാബുരാജൻ, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ജി. അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.