ലഹരി ഇടപാടുകളുടെ വേരറുക്കാൻ പ്രത്യേക കർമസേന
text_fieldsകൊച്ചി: ജില്ലയിൽ വർധിച്ചു വരുന്ന ലഹരിക്കടത്തിനും ഉപയോഗത്തിനും തടയിട്ട് ഡിസ്ട്രിക്ട് ആന്റി–നർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് ടീം (ഡാൻസാഫ്). ഡാൻസാഫ് വിപുലീകരിച്ച് 25 ദിവസം പിന്നിടുമ്പോൾ നഗരപരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് മുമ്പത്തേക്കാൾ ഇരട്ടിയിലധികം ലഹരിക്കേസുകളാണ്. കൊച്ചിയിൽ 24 മേജർ ക്വാണ്ടിറ്റി കേസുകളും 68 ഇന്റർ മീഡിയേറ്റ് ക്വാണ്ടിറ്റി കേസുകളും ആയിരത്തോളും സ്മോൾ ക്വാണ്ടിറ്റി കേസുകളും ഈ ദിവസങ്ങളിൽ കണ്ടെത്തി.
ദിനംപ്രതി വർധിച്ച് വരുന്ന ലഹരി ഇടപാടുകളുടെ വേരറുക്കാൻ ശക്തമായ സംവിധാനം വേണമെന്ന ആവശ്യം പരിഗണിച്ചാണ് പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന യോദ്ധാവ് സ്ക്വാഡിനെ ഡാൻസാഫുമായി ലയിപ്പിച്ചാണ് വിപുലീകരണം നടത്തിയത്. മുമ്പ് സിറ്റി പൊലീസ് മേഖലയിൽ രണ്ടു ഡാൻസാഫ് സംഘങ്ങളായിരുന്നു. 18 അംഗങ്ങളായിരുന്നു ഈ രണ്ടു ടീമുകളിലുമായി ഉണ്ടായിരുന്നത്. കേസുകളുടെ വർധന കണക്കിലെടുത്ത് പുതുതായി രണ്ടു സംഘങ്ങളെ കൂടി തയാറാക്കി. ഇതോടെ മൊത്തം അംഗങ്ങളുടെ എണ്ണം 36 ആയി. ഒരു എസ്.ഐയുടെ നേതൃത്വത്തിൽ ഒമ്പത് പൊലീസുകാരാണ് ഒരോ ഡാൻസാഫ് ടീമിലുമുള്ളത്.
റെഡ് സ്പോട്ടുകളിൽ പ്രത്യേക നിരീക്ഷണം
നർക്കോട്ടിക് എ.സി.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ടീമംഗങ്ങൾ പ്രവർത്തിക്കുന്നത്. കൊച്ചി നഗരത്തിൽ മാത്രം കഴിഞ്ഞ വർഷം 1,359 ലഹരി മരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. എം.ഡി.എം.എ.യും കഞ്ചാവും വലിയ അളവിലാണ് പിടികൂടുന്നത്. 18നും 28നുമിടയിൽ പ്രായമുള്ളവർ ലഹരി കേസുകളിൽ ഉൾപ്പെടുന്നത് വർധിച്ചു വരുന്നതായി കണക്കൾ വ്യക്തമാക്കുന്നു. നഗരത്തിൽ ഏറ്റവുമധികം ലഹരി വിപണനം നടക്കുന്ന മേഖലകളെ റെഡ് സ്പോട്ടുകളായി അടയാളപ്പെടുത്തിയിട്ടുണ്ട്. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പനമ്പിള്ളി നഗർ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരം, വൈറ്റില, പനങ്ങാട് തുടങ്ങിയ മേഖലകൾ റെഡ് സ്പോട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് രാസലഹരി ഉൾപ്പെടെ വൻ തോതിൽ എത്തിച്ച് ഇടനിലക്കാർ മുഖേന കൈമാറുന്നത് പ്രധാനമായും ഈ മേഖലകളിലാണ്. രാത്രികാലങ്ങളിലാണ് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരിക്കൈമാറ്റം നടക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സാന്നിധ്യവും ഈ പ്രദേശങ്ങളിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
ലഹരി നെറ്റ്വർക്ക് തടയാൻ രഹസ്യ പൊലീസ്
ലഹരി വിപണനം നടക്കുന്ന മേഖലകളിൽ 24 മണിക്കൂറും രഹസ്യ പൊലീസ് നിരീക്ഷണം ഉണ്ടാകും. രഹസ്യ വിവരം ലഭിച്ചാൽ സമയം നൊടിയിട പാഴാക്കാതെ നിജസ്ഥിതി പരിശോധിക്കുകയാണ് പ്രവർത്തനത്തിന്റെ ആദ്യഘട്ടം. വിവരം ശരിയെന്നുറപ്പാക്കിയാൽ അതത് സ്റ്റേഷനുകളിൽ വിവരമറിയിക്കും. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ പ്രത്യേകം സ്കെച്ച് ചെയ്യും. തുടർന്ന് ഡാൻസാഫും അതത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംയുക്തമായി മിന്നൽ പരിശോധന നടത്തി പ്രതികളെ ലഹരിമരുന്ന് സഹിതം പിടികൂടും. ലഹരി വിൽപനക്കാരുടെ വിവരങ്ങൾ ഡാൻസാഫ് വിഭാഗം കൃത്യമായി അതത് സ്റ്റേഷനുകൾക്ക് കൈമാറുന്നുണ്ട്. ഇതിനാൽ ഒട്ടേറെ പ്രതികൾ ലോക്കൽ പൊലീസിന്റെയും പിടിയിലാകുന്നുണ്ട്.
ഓപറേഷൻ ഡി ഹണ്ട്: കൊച്ചി നഗരത്തിൽ 20 കേസുകൾ
കൊച്ചി: ലഹരി മരുന്നിനെതിരെയുള്ള ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ 20 കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവും എം.ഡി.എം.എയുമാണ് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ചേരാനല്ലൂർ ഇടയക്കുന്നം പള്ളിപ്പറമ്പ് അശ്വിൻ (25) എന്നയാളെ ചേരാനല്ലൂർ വിഷ്ണുപുരത്ത് നിന്നും 9.09 ഗ്രാം എം.ഡി.എം.എയുമായി ചേരാനല്ലൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കർഷക റോഡ് ഭാഗത്തുനിന്ന് മലപ്പുറം പിലാക്കൽ വീട്ടിൽ ജാബിർ (27), പാലക്കാട് ചോല പറമ്പിൽ രജീഷ് (29), ഗാന്ധിനഗർ സ്വദേശി അഭിജിത്ത് റായ് (24) എന്നിവരെ 920 ഗ്രാം കഞ്ചാവുമായി കടവന്ത്ര പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. എറണാകുളം കൊച്ചി സിറ്റി ഡി.സി.പി കെ.എസ്. സുദർശന്റെ നിർദേശാനുസരണം എറണാകുളം നാർകോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.