ഇല്ല പറയില്ല, തലസ്ഥാനത്തോട്ട് വിളി
text_fieldsകൊച്ചി: ജില്ലയിലും സംസ്ഥാനത്തും ഡെങ്കിപ്പനിയും വൈറൽ പനിയും വ്യാപകമായി പടർന്നുപിടിക്കുമ്പോൾ രോഗികളുടെ കണക്ക് നേരിട്ട് പുറത്തുവിടുന്നത് നിർത്തിവെച്ച് ജില്ല ആരോഗ്യവകുപ്പ് അധികൃതർ. ദിവസങ്ങൾക്കുമുമ്പ് മാധ്യമങ്ങൾക്കായി പുറത്തുവിട്ടിരുന്ന കണക്കുകൾ നിലവിൽ സംസ്ഥാന ആരോഗ്യവകുപ്പിന് മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജില്ല ഇൻഫർമേഷൻ വകുപ്പിന്റെ ഔദ്യോഗിക സംവിധാനങ്ങളിലൂടെയാണ് ഓരോ ദിവസത്തെയും പനി, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം തുടങ്ങി വിവിധ രോഗങ്ങൾ ബാധിച്ചവരുടെയും സംശയിക്കുന്നവരുടെയും വിവരങ്ങൾ വിശദമായി മാധ്യമങ്ങൾക്ക് നൽകിയിരുന്നത്.
ഓരോ ദിവസവും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണവും പട്ടികയിലുണ്ടായിരുന്നു. എന്നാൽ, പെട്ടെന്നൊരു ദിവസം ഈ കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തുകയായിരുന്നു. അതേസമയം, സംസ്ഥാന ആരോഗ്യവകുപ്പ് എല്ലാദിവസവും ഓരോ ജില്ലയിലെയും കണക്കുകൾ ക്രോഡീകരിച്ച് നൽകുന്നുണ്ട്. ഇതാണ് നിലവിൽ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇതിൽ തെരുവുനായ്ക്കൾ ആക്രമിച്ചതിന്റെ കണക്കില്ല. കൂടാതെ പലപ്പോഴും ഏറെ വൈകി ആരോഗ്യവകുപ്പ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നതും പോരായ്മയാണ്.
രോഗവ്യാപനത്തെക്കുറിച്ച് പ്രദേശവാസികൾക്കുൾപ്പെടെ ബോധവത്കരണമെന്ന നിലക്കാണ് മാധ്യമങ്ങളിൽ കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, പനി രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുമ്പോൾ അധികൃതരുടെ അനാസ്ഥ മറച്ചുവെക്കാനാണ് ജില്ല മെഡിക്കൽ ഓഫിസ് വിവരങ്ങൾ നേരിട്ട് പങ്കുവെക്കാത്തതെന്ന് ആക്ഷേപമുണ്ട്. ജില്ലതലത്തിൽ കണക്കുകൾ നൽകുന്നതിന് വിലക്കുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പിന് മാത്രമേ വിവരങ്ങൾ കൈമാറാവൂ എന്നുമാണ് ഇതുസംബന്ധിച്ച് ഡി.എം.ഒ ഓഫിസിൽനിന്നുള്ള വിശദീകരണം.
ജില്ലയിൽ 61 പേർക്ക് കൂടി ഡെങ്കിപ്പനി
കൊച്ചി: ജില്ലയിൽ 61പേർക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മാത്രം ജില്ലയിൽ 1177പേരാണ് വിവിധ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത്. ഇതിൽ 74പേർ കിടത്തിച്ചികിത്സയിലാണ്. പ്രതിരോധ പ്രവർത്തനങ്ങളെയെല്ലാം മറികടക്കുന്ന രീതിയിലാണ് ജില്ലയിലെ പനി വ്യാപനമെന്നാണ് കണക്കുകൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.