കുറയുന്നില്ല; പനിച്ചൂട്
text_fieldsകൊച്ചി: ജില്ലയിൽ മഴ കൂടുന്നതിനൊപ്പം പനിച്ചൂടും വർധിക്കുന്നു. ശനിയാഴ്ച മാത്രം 996 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ജില്ലയിൽ വർധിക്കുകയാണ്.
12 പേർക്ക് ശനിയാഴ്ച ഡെങ്കി സ്ഥിരീകരിച്ചപ്പോൾ രോഗം സംശയിക്കുന്ന 61 കേസ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലാണ്. വയറിളക്ക രോഗവുമായി 105 പേരാണ് ചികിത്സ തേടിയത്, ആറ് ചിക്കൻപോക്സ് രോഗികളുമെത്തി.
വാഴക്കുളത്ത് രണ്ടും കുമാരപുരം, തൃക്കാക്കര, കാക്കനാട്, രായമംഗലം, ഇടപ്പള്ളി, വല്ലാർപാടം, പെരുമ്പാവൂർ, വെങ്ങോല, കളമശ്ശേരി, കുട്ടമ്പുഴ എന്നിവിടങ്ങളിൽ ഒന്നും വീതമാണ് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ജൂണിൽ ഡെങ്കിപ്പനി ബാധിച്ച് എട്ടുപേർ മരിച്ചപ്പോൾ 742 കേസ് സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തു. നിലവിൽ ജൂണിൽ മാത്രം 282 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈമാസം മാത്രം 13,526 പുതിയ പനി കേസാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. വെള്ളിയാഴ്ച 33 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 1283 പേർ പനി ബാധിച്ച് ചികിത്സ തേടുകയും ചെയ്തിരുന്നു. പനി ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ജില്ലയിലെ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ തിരക്കേറുകയാണ്.
മൂവാറ്റുപുഴയിൽ മഞ്ഞപ്പിത്തവും
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ ഡെങ്കിപ്പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും പടർന്നുപിടിക്കുന്നു. ഛർദിയും വയറിളക്കവും വ്യാപിക്കുന്നുണ്ട്. ആവോലി, വാളകം, പായിപ്ര പഞ്ചായത്തുകൾ, നഗരസഭയിലെ വിവിധ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് മഞ്ഞപ്പിത്തം.
കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പത്തോളം പേരാണ് ജനറൽ ആശുപത്രിയിൽ വയറിളക്കവുമായി ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും നിരവധി പേർ ചികിത്സയിലുണ്ട്. ചാരീസ് ആശുപത്രിയിൽ മഞ്ഞപ്പിത്തം ബാധിച്ച് നിരവധി പേർ എത്തുന്നുണ്ട്. അഞ്ചോളം പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. അസുഖങ്ങൾ പടർന്നു പിടിച്ചിട്ടും ആരോഗ്യ വകുപ്പിന്റ ഭാഗത്തുനിന്നും ഒരു പ്രതിരോധ പ്രവർത്തനവും ആരംഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.