പുതുവർഷാരംഭത്തിലും ശുഭമല്ലാതെ ഗാർഹിക പീഡന കണക്കുകൾ
text_fieldsകൊച്ചി: പുതുവർഷാരംഭത്തിലും ശുഭകരമല്ലാതെ വീടകങ്ങളിലെ സ്ത്രീസുരക്ഷ. ജില്ലയിൽ പോയ വർഷം 259 ഗാർഹിക പീഡന പരാതികളാണ് റിപ്പോർട്ട് ചെയ്തത്. കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് വഴി 2022 നവംബർ മുതൽ മാത്രം രജിസ്റ്റർ ചെയ്ത പരാതികളാണിത്. 2022ൽ ഇത് 226 ആയിരുന്നെങ്കിൽ തൊട്ട് മുമ്പത്തെ വർഷം ഇത് 182 ആയിരുന്നു.
ഓരോ വർഷവും കേസുകൾ വർധിക്കുകയാണ്. പ്രതിമാസം പത്തിൽ കുറയാത്ത കേസുകൾ സ്നേഹിത വഴി മാത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ ലോക്കൽ പൊലീസ് സ്റ്റേഷനുകൾ വഴിയും വനിത കമീഷൻ അടക്കം സംവിധാനങ്ങൾ വഴിയും റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ചേർത്താൽ കണക്ക് ഇതിനിരട്ടിയാകും. ഗാർഹിക പീഡന നിരോധന നിയമം നടപ്പാക്കി ഒന്നര പതിറ്റാണ്ട് പിന്നിട്ടെങ്കിലും മുൻ കാലങ്ങളിൽ കാര്യമായ പരാതികളുയർന്നിരുന്നില്ല. എന്നാൽ നിയമങ്ങളെ കുറിച്ച് അവബോധം വന്നതോടെ പീഡനങ്ങളെ കുറിച്ച് പരാതിപ്പെടാൻ സ്ത്രീകൾ തയാറാകുന്നതാണ് കേസുകൾ വർധിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്ന് സ്തീകൾക്ക് അവബോധം നൽകാനും നിയമപരമായി സഹായിക്കാനും സർക്കാർ സംവിധാനങ്ങൾതന്നെ സജീവമാണ്.
സ്ത്രീധനം മുതൽ സൗന്ദര്യംവരെ; കാരണങ്ങൾ നിരവധി
വർധിക്കുന്ന ഗാർഹിക പീഡന കേസുകളുടെ പിന്നിലുള്ള കാരണങ്ങളും നിരവധിയാണ്. സ്തീധന തർക്കവും സൗന്ദര്യ പ്രശ്നങ്ങളും അവിഹിതങ്ങളുമാണ് ഭൂരിഭാഗം കേസുകളിലേയും വില്ലനാകുന്നത്.
ഇതോടൊപ്പം മാനസിക പ്രശ്നങ്ങളും കുടുംബപരമായ ഈഗോകളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ടോൾഫ്രീ നമ്പർ വഴിയും നേരിട്ടും സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലെത്തുന്നവരിൽ ഭൂരിഭാഗത്തിനും ഇത്തരം കഥകളാണ് പറയാനുള്ളതെന്ന് കൗൺസിലർമാർ പറയുന്നു.
ഇവർക്കായി മീഡിയേഷൻ, കൗൺസലിങ്, നിയമസഹായം അടക്കം സൗകര്യങ്ങളാണ് സ്നേഹിതയൊരുക്കുന്നത്. കൂടാതെ ഇത്തരം പീഡനങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് ഒരാഴ്ച വരെ ഭക്ഷണ താമസ സൗകര്യവും സൗജന്യമായി ഇവിടെ ഒരുക്കുന്നുണ്ട്.
ബന്ധങ്ങൾക്ക് വൈകാരികതലം നഷ്ടമാകുന്നതാണ് പ്രശ്നം -ഡോ. സി.ജെ. ജോൺ
കുടുംബങ്ങളിൽ ബന്ധങ്ങൾക്ക് വൈകാരിക തലം നഷ്ടപ്പെടുന്നതാണ് ഗാർഹിക പീഡനം പോലുള്ള കേസുകൾ വർധിക്കുന്നതിന് പിന്നിലെന്ന് പ്രമുഖ മനഃശാസ്ത്രഞ്ജൻ ഡോ. സി.ജെ. ജോൺ. സമൂഹത്തിൽ അക്രമ വാസന വളരുകയാണ്.
സിനിമകളും മറ്റും ഇതിന് പ്രോത്സാഹനമാകുന്നുണ്ട്. ഇതിന്റെ പ്രതിഫലനം കുടുംബങ്ങളിലുമുണ്ടാകുന്നുണ്ട്. എന്നാൽ മുൻ കാലങ്ങളിലേത് പോലെ സ്ത്രീകൾ എല്ലാം സഹിക്കുന്ന രീതി മാറി. ഇപ്പോഴവർ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. അതാണ് ഗാർഹിക പീഡന കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ കാരണം. കുടുംബ ബന്ധങ്ങളിൽ ഊഷ്മളത വർധിപ്പിക്കലാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.