പിഴുതുകളയരുതേ, നമ്മുടെ പൂമൊട്ടുകളെ...
text_fields‘‘കുഞ്ഞുങ്ങൾ പൂന്തോട്ടത്തിലെ മൊട്ടുകൾ പോലെയാണ്. സ്നേഹത്തോടെയും കരുതലോടെയും വളർത്തപ്പെടേണ്ടവരാണ്, കാരണം രാജ്യത്തിന്റെ ഭാവി അവരിലാണ്. നാളെയുടെ പൗരരും അവർ തന്നെ.’’ രാജ്യമെങ്ങും ശിശുദിനം ആചരിക്കാൻ കാരണമായ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കുട്ടികളെ കുറിച്ച് പറഞ്ഞതിങ്ങനെ. അത്രമേൽ സ്നേഹത്തോടെയും കരുതലോടെയും കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിനെക്കുറിച്ചാണ് അവരുടെ സ്വന്തം ചാച്ചാജി പറഞ്ഞുവെക്കുന്നത്.
എന്നാൽ, നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇന്ന് വേണ്ടത്ര കരുതലും പരിചരണവും ശ്രദ്ധയും കിട്ടുന്നുണ്ടോ? സ്നേഹിക്കേണ്ടവരാൽ തന്നെ ദ്രോഹിക്കപ്പെടുകയും കരുതൽ പകരേണ്ടവർ കണ്ണീരു വീഴ്ത്തുകയും ചെയ്യുന്ന കുരുന്നുകളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. മാസങ്ങൾക്കു മുമ്പ് ആലുവയിൽ അന്തർസംസ്ഥാന തൊഴിലാളിയുടെ പിഞ്ചു മകൾ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട വാർത്ത നമ്മുടെ ഉള്ളുനോവിച്ചിരുന്നു.
ആഴ്ചകൾ പിന്നിടും മുമ്പ് അതേ ആലുവയിൽ തന്നെ മറ്റൊരു അന്തർസംസ്ഥാന തൊഴിലാളിയുടെ ഉറങ്ങിക്കിടക്കുന്ന എട്ടു വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയതും സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇതരമതത്തിൽ പെട്ട സഹപാഠിയെ പ്രണയിച്ചതിന് 14 വയസുകാരിയെ പിതാവ് ക്രൂരമർദനത്തിനുശേഷം വായിൽ കീടനാശിനിയൊഴിച്ച് മൃതപ്രായയാക്കുകയും ദിവസങ്ങൾക്ക് ശേഷം ആ പെൺകുട്ടി മരണത്തിനു കീഴടങ്ങുകയും ചെയ്തത് ദിവസങ്ങൾക്കുമുമ്പ് പറവൂർ ആലങ്ങാടാണ്.
ഇത്തരത്തിൽ കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുന്നുവെന്ന് തന്നെയാണ് ജില്ലയിൽനിന്നുള്ള കണക്കുകളും സൂചിപ്പിക്കുന്നത്. ബോധവത്കരണത്തിനൊപ്പം ഇങ്ങനെ ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കുക കൂടി ചെയ്താലേ കുഞ്ഞുങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ എന്നെന്നേക്കുമായി അവസാനിക്കൂ. ക്രൂരതകളോ അവഗണനകളോ നേരിടാതെ, സ്വപ്നങ്ങൾക്കു പിറകെ ചിത്രശലഭങ്ങളെ പോലെ അവർ പറക്കട്ടെ, ഈ ശിശുദിനം അതിനുള്ള തുടക്കമാവട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.