ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്റെ പൂർണ ചുമതല
text_fieldsകൊച്ചി: യാക്കോബായ സഭയിലെ ഏറ്റവും മുതിർന്ന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്റെ പൂർണ ചുമതല നൽകും. കഴിഞ്ഞ ദിവസം സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സുന്നഹദോസ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ഇതോടൊപ്പം സഭയുടെ വലിയ മെത്രാപ്പോലീത്ത പദവിയും നൽകും. മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയാണ്. അന്തരിച്ച കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവക്കായിരുന്നു ഭദ്രാസനത്തിന്റെ പൂർണ ചുമതല.
ഇക്കാലയളവിലും മോർ സേവേറിയോസായിരുന്നു സഹായ മെത്രാപ്പോലീത്ത. പ്രായാധിക്യംമൂലം ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഈ വർഷമാദ്യം നടത്തിയ മലങ്കര സന്ദർശനത്തിൽ ഇദ്ദേഹം പാത്രിയാർക്കീസ് ബാവക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അപേക്ഷ തള്ളിയാണ് പാത്രിയാർക്കീസ് ബാവ ഇദ്ദേഹത്തിന് പുതിയ ചുമതല നൽകിയത്. ഇതുസംബന്ധിച്ച് ബാവയുടെ കൽപന അടുത്ത ദിവസം പള്ളികൾക്ക് നൽകും. ഇടക്കാലത്ത് ഭദ്രാസനം അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, ഹൈറേഞ്ച് മേഖലകളാക്കി തിരിച്ച് ഓരോ മേഖലക്കും സഹായ മെത്രാപ്പോലീത്തമാരെ നിയമിച്ചിരുന്നു.
ഇക്കൂട്ടത്തിൽ മോർ സെവേറിയോസ് അങ്കമാലി മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി തുടരുകയായിരുന്നു. ഇതിനിടെയാണ് കാതോലിക്ക ബാവയുടെ നിര്യാണത്തെതുടർന്ന് ഭദ്രാസനത്തിന്റെ പൂർണ ചുമതല ഒഴിവ് വന്നത്. ഈ സ്ഥാനത്തേക്കാണ് മോർ സെവേറിയോസ് കടന്നുവരുന്നത്. യാക്കോബായ സഭയുടെ ഏറ്റവും വലിയ ഭദ്രാസനമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. സഭയുടെ അടുത്ത കാതോലിക്ക ബാവയായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ശ്രേഷ്ഠ കാതോലിക്ക സ്ഥാനാരോഹണം അധികം വൈകാതെ നടത്താനും ധാരണയായിട്ടുണ്ട്. യു.എ.ഇ, യു.എസ് അടക്കമുള്ള ഏതെങ്കിലും വിദേശ രാജ്യത്ത് വെച്ച് നടത്താനാണ് ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.