കുടിവെള്ള പൈപ്പ് പൊട്ടൽ: വെള്ളത്തിനൊപ്പം ഖജനാവും ചോരുന്നു
text_fieldsകൊച്ചി: പാതയോരങ്ങളിലും മറ്റും പൈപ്പുകൾ പൊട്ടി കുടിവെള്ളം നഷ്ടമാകുന്നതിലൂടെ വെള്ളത്തിനൊപ്പം പാഴാകുന്നത് കോടികൾ. ഏഴ് മാസത്തിനിടെ പൊട്ടിയ പൈപ്പ് ശരിപ്പെടുത്താൻ 23.58 കോടിയാണ് സർക്കാർ ചെലവാക്കിയതെന്നാണ് ജലവിഭവ വകുപ്പ് കണക്കുകൾ. സംസ്ഥാനത്തിെൻറ സാമ്പത്തികസ്ഥിതി അതിദയനീയമായി തുടരുമ്പോഴാണ് നിർമാണത്തിലെ അപാകതകളും അധികൃതരുടെ അനാസ്ഥയും മൂലം വൻതുക ചെലവാക്കേണ്ടി വരുന്നത്. സംസ്ഥാനത്തൊട്ടാകെ എത്രത്തോളം വെള്ളം പാഴാകുന്നുണ്ട് എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളില്ല.
പഞ്ചായത്ത് റോഡുകളിൽ 63 എം.എം പൈപ്പുകളാണ് സ്ഥാപിച്ചത്. ഇവിടെ ഒരുതവണ പൈപ്പ് പൊട്ടിയാൽ ആകെ ഉൽപാദനത്തിെൻറ ഒന്നോ രണ്ടോ ശതമാനം വെള്ളമായിരിക്കും പാഴാകുക. പ്ലാൻറുകളിൽനിന്ന് വരുന്ന പ്രധാന ലൈനുകളിലാണ് തകരാർ സംഭവിക്കുന്നതെങ്കിൽ 20 മുതൽ 30 ശതമാനം വരെ വെള്ളം പാഴാകും. പലയിടത്തും കാലഹരണപ്പെട്ട ൈപപ്പുകൾ ഉപയോഗിക്കുന്നത് ചോർച്ചക്ക് കാരണമാകാറുണ്ട്.
പുതിയ പൈപ്പുകൾ വാങ്ങുംമുമ്പ് ഗുണനിലവാര പരിശോധനകൾ നടത്തി കരാറുകാർ മുഖേനയാണ് സ്ഥാപിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഉപയോഗക്ഷമമല്ലാത്ത പൈപ്പുകൾ സ്ഥാപിക്കുന്നതാണ് തകരാറുകൾക്ക് കാരണമെന്നത് സംബന്ധിച്ച് ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. അമൃത്, കിഫ്ബി, സ്റ്റേറ്റ് പ്ലാൻ എന്നീ പദ്ധതികളിൽപെടുത്തി പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നത് നടന്നുവരുകയാണ്. നിർമാണമേഖലയിൽ കള്ളത്തരങ്ങൾ ശ്രദ്ധയിൽപെട്ടാൽ അന്വേഷണം നടത്തി കരാറുകാർക്കും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കും. എന്നാൽ, ഇത്തരത്തിൽ പരാതികൾ ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിവിധ സർക്കിളുകളിൽ പൈപ്പ് പൊട്ടൽ കാരണം ചെലവാക്കേണ്ടി വന്ന തുക
തിരുവനന്തപുരം - 3.21 കോടി
കൊല്ലം - 1.40 കോടി
തിരുവല്ല - 2.16 കോടി
കോട്ടയം - 1.59 കോടി
ആലപ്പുഴ - 0.21 കോടി
കൊച്ചി - 3.62 കോടി
മൂവാറ്റുപുഴ - 0.71 കോടി
തൃശൂർ - 1.89 കോടി
പാലക്കാട് - 2.31 കോടി
കോഴിക്കോട് - 2.39 കോടി
മലപ്പുറം - 2.83 കോടി
കണ്ണൂർ - 1.21 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.