കുടിവെള്ള ക്ഷാമം; ജല അതോറിറ്റി ഓഫിസിന് മുന്നിൽ ജനപ്രതിനിധികളുടെ സമരം
text_fieldsപറവൂർ: തീരദേശ പ്രദേശങ്ങളായ വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തിൽ ദിവസങ്ങളായി തുടരുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫിസിന് മുന്നിൽ സമരം നടത്തി. ഈസ്റ്റർ, വിഷു ദിവസങ്ങളിലടക്കം പല പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാതിരുന്നത് രൂക്ഷമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ജനപ്രതിനിധികൾ അസിസ്റ്റന്റ് എൻജിനീയർ കെ. സിന്ധുവുമായി ആദ്യം ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന്, ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആളുകൾ കുടിനീരിനായി നെട്ടോട്ടമോടുമ്പോൾ വൻകിട ഹോട്ടലുകൾ, സ്വകാര്യസ്ഥാപനങ്ങൾ, ദേശീയപാത നിർമാണം എന്നിവക്കായി ആവശ്യാനുസരണം കുടിവെള്ളം ടാങ്കർ ലോറി വഴി വിൽപന നടത്തുന്ന ജല അതോറിറ്റിയുടെ നിലപാട് ശരിയല്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം ലഭിച്ച ശേഷമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിൽ ജനപ്രതിനിധികൾ ഉറച്ചുനിന്നു. ഇതിനിടെ, സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
തുടർന്ന്, പറവൂർ അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.ജെ. തെരേസ റിനി, വടക്കേക്കര അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.കെ. അജയകുമാർ, അസിസ്റ്റന്റ് എൻജിനീയർമാരായ കെ. സിന്ധു, എം.കെ. റെജി എന്നിവർ ജനപ്രതിനിധികളുമായി ചർച്ച നടത്തി. തുടർച്ചയായി മൂന്നു ദിവസം വെള്ളത്തിൽ കുറവ് വരുത്താതെയും ഒരു ദശലക്ഷം ലിറ്റർ വെള്ളം കൂടുതലായും പമ്പ് ചെയ്യാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഇനി ജനപ്രതിനിധികൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ മാത്രമേ ടാങ്കറുകൾ മുഖേന വെള്ളം നൽകൂ എന്നും തീരുമാനമായി. ഇതോടെയാണ് സമരം അവസാനിച്ചത്.
ചിറ്റാറ്റുകര പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. അരൂഷ്, വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എസ്. സന്തോഷ് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. ഇതിനിടെ, ഉച്ചയോടെ പട്ടണം കവലക്ക് സമീപം ദേശീയപാതക്കായി നിർമാണം നടക്കുന്ന സ്ഥലത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. ജല അതോറിറ്റി അധികൃതർ ഉടൻ സ്ഥലത്തെത്തി ചോർച്ച പരിഹരിക്കാനുള്ള ജോലികൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.