നിർത്തൂ, ഈ ലഹരിക്കളി...
text_fieldsകൊച്ചി: പാലാരിവട്ടം സംസ്കാര ജങ്ഷനിൽ ലഹരി ഉപയോഗിച്ച യുവാവിന്റെയും യുവതിയുടെയും പരാക്രമം പൊലീസിനും നാട്ടുകാർക്കും നേരെ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 15 കിലോ കഞ്ചാവുമായി പഞ്ചാബ് സ്വദേശി പിടിയിൽ... വ്യാഴാഴ്ച മാത്രം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ലഹരിക്കേസുകളാണിത്. കൂടാതെ, കരുവേലിപ്പടിയിൽ ലഹരിയിലെന്ന് സംശയിക്കുന്ന യുവാവ് നാലു കാറിന്റെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ല് അടിച്ചുതകർത്തതും വ്യാഴാഴ്ച തന്നെ.
ഒരുഭാഗത്ത് പൊലീസും എക്സൈസും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിശോധനയും നടപടികളും ശക്തമാക്കുമ്പോൾ മറുഭാഗത്ത് കൊച്ചി നഗരത്തിലേക്കുള്ള ലഹരിയൊഴുക്ക് നിയന്ത്രണമില്ലാതെ തുടരുന്നു എന്നതിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണിത്. ഉപഭോക്താക്കൾക്കായി ലഹരി വിൽപന ഒരുവശത്ത് പൊടിപൊടിക്കുമ്പോൾ, ലഹരി ഉപയോഗിച്ചശേഷമുള്ള ആക്രമണവും പരാക്രമങ്ങളും നിത്യേനയെന്നോണം വർധിക്കുകയാണ്.
ഞായറാഴ്ച അര്‍ധരാത്രി കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ലഹരിക്കടിപ്പെട്ട അന്തർസംസ്ഥാന തൊഴിലാളി അഴിച്ചുവിട്ട പരാക്രമത്തിൽ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അര്‍ധരാത്രി റോഡിലൂടെ വരുന്ന വാഹനങ്ങളെ പ്രതി തടഞ്ഞുനിര്‍ത്തുകയും കാല്‍നടക്കാരെ ആക്രമിക്കുകയും ചെയ്യുന്നുവെന്ന് അറിഞ്ഞെത്തിയ എ.എസ്.ഐ, സി.പി.ഒ എന്നിവരെയാണ് കല്ലുകൊണ്ടെറിഞ്ഞും മറ്റും ഗുരുതര പരിക്കേൽപിച്ചത്. ക്രമസമാധാനപാലകരായ പൊലീസിനെ തന്നെ ആക്രമിച്ച് മുന്നേറുകയാണ് ലഹരിസംഘങ്ങളെന്നത് ഏറെ ഗൗരവതരമാണ്.
ആലുവ കുന്നത്തേരിയിൽ 20 ഗ്രാം എം.ഡി.എം.എയും 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി, പേഴയ്ക്കാപ്പിള്ളി സ്കൂളിന് പിറകിലെ റോഡിൽ കഞ്ചാവും ബ്രൗൺഷുഗറും വിൽപന പതിവാക്കിയ അസം സ്വദേശി കുടുംബശ്രീ കൂട്ടായ്മയുടെ ജാഗ്രതമൂലം പിടിയിലായി, അസമിൽനിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ് എന്നിവ വരാപ്പുഴയിലെ അന്തർസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുന്നതിനിടെ അസം സ്വദേശികൾ പിടിയിലായി, പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയിൽ ഹെറോയിനുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിലായി... ഫെബ്രുവരിയിൽ ജില്ലയിൽ വിവിധയിടങ്ങളിൽനിന്ന് കേട്ട വാർത്തകളാണിത്.
നഗരത്തിൽ ഈ വർഷം ഇതുവരെ അറസ്റ്റിലായത് 202 പേർ
ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ഈ വർഷം ജനുവരി മുതൽ തിങ്കളാഴ്ച വരെ പിടികൂടിയത് 202 പേരെ. 175 കേസിലായാണ് ഇത്. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾ ഏറെയും അന്തർസംസ്ഥാനക്കാർക്കിടയിലും എം.ഡി.എം.എ ഉൾപ്പെടെ വീര്യമേറിയ രാസലഹരി പദാർഥങ്ങൾ ചെറുപ്പക്കാർക്കിടയിലുമാണ് കൂടുതലായും കണ്ടുവരുന്നത്. ലഹരിവിൽപന കണ്ടെത്താൻ പൊലീസ്, എക്സൈസ്, ഡാൻസാഫ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, റെയിൽവേ പൊലീസ്, ആർ.പി.എഫ് തുടങ്ങിയ വിഭാഗങ്ങൾ സംയുക്ത പരിശോധന നടത്താറുണ്ട്. ഇത്തരത്തിൽ പിടികൂടുന്ന എം.ഡി.എം.എ ഉൾപ്പെടെ അത്യന്തം അപകടകാരിയായ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ ഗുരുതര ആക്രമണവാസനയാണ് ഉണ്ടാക്കുന്നത്.
നഗരത്തിലെ ലഹരി ഉപയോഗം തുടച്ചുനീക്കാനായുള്ള തീവ്രശ്രമത്തിലാണ് സർക്കാർ വകുപ്പുകളെന്നും ഇതിന്റെ ഭാഗമായി സംയുക്ത പരിശോധന ഉൾപ്പെടെ ശക്തമാക്കുമെന്നും കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൽ സലാം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.