വലമുറുക്കി ലഹരിമാഫിയ; കണ്ണടച്ച് അധികൃതർ
text_fieldsകൊച്ചി: ജില്ലയിൽ ലഹരി മാഫിയ പിടിമുറുക്കുമ്പോഴും കണ്ണടച്ച് അധികൃതർ. പുതുതലമുറയെ ലക്ഷ്യമിട്ടാണ് ഗ്രാമങ്ങളിൽ പോലും ലഹരി മാഫിയ പിടിമുറുക്കുന്നത്. കൊച്ചി നഗരത്തിന് പുറമേ സമീപ പ്രദേശങ്ങളിലും ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം അടക്കമുളള പ്രദേശങ്ങളിലും ലഹരിയധിഷ്ടിത പരാതികൾ വ്യാപകമാകുകയാണ്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിടുന്ന സംഘത്തിൽ സ്ത്രീകളും ഏറെയാണ്. ഗ്രാമങ്ങളിൽ പോലും ലഹരി വസ്തുക്കൾ സുലഭമാണ്. എന്നാൽ പൊലീസ്-എക്സൈസ് സംവിധാനങ്ങൾ നിർജീവമാണെന്നാണ് ആക്ഷേപം.
പാൻമസാല മുതൽ സിന്തറ്റിക് ലഹരി വരെ
വിൽപന നിരോധിച്ച പാൻമസാല മുതൽ രാസ ലഹരികൾ വരെ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ സുലഭമാണ്. പ്രത്യേക മണമോ നിറമോ ഇല്ലാത്തതിനാൽ രാസലഹരികൾ തിരിച്ചറിയാനും പ്രയാസമാണ്. പ്രാരംഭഘട്ടത്തിൽ ലഹരിയാണെന്നറിയാതെ ഉപയോഗിക്കുന്ന കൗമാരക്കാർ പിന്നീട് ഇതിന് അടിമകളാകുന്നതാണ് പതിവ്. പുതുലമുറയെ ആകർഷിക്കാൻ ലഹരിമാഫിയയുടെ കണ്ണികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്കൂൾ കോളജ് പരിസരങ്ങളാണ് ഇവരുടെ കേന്ദ്രം. മിട്ടായി എന്ന നിലയിൽ ആദ്യം സൗജന്യമായും പിന്നിട് ഇരകൾ അടിമകളായി കഴിയുമ്പോൾ പണത്തിനുമാണ് ലഹരി വിറ്റഴിക്കുന്നത്. നാഡീ വ്യൂഹവും ഞരമ്പുകളും വഴി തലച്ചാറിനെ നേരിട്ട് ബാധിക്കുന്നതിനാൽ ഒരു ദിവസം വരെ ഇതിന്റെ വീര്യം ലഭിക്കുമെന്നതിനാലാണ് ആവശ്യക്കാരേറാൻ കാരണം.
രാസലഹരിയുടെ ഹബ്ബായി നഗരങ്ങൾ
കൊച്ചി നഗരത്തിന് പുറമേ കളമശ്ശേരി, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ അടക്കമുളള പ്രദേശങ്ങൾ രാസലഹിയുടെ ഹബ്ബാണ്. അന്തർ സംസ്ഥാനക്കാരാണ് ആലുവ, പെരുമ്പാവൂർ മേഖലകളിൽ ഇതിൻറെ പ്രധാന കണ്ണികളെങ്കിൽ മൂവാറ്റുപുഴ അടക്കമുള്ള മറ്റ് മേഖലകളിൽ മലയാളികൾ തന്നെയാണ് വിതരണക്കാരും ഉപഭോക്താക്കളും. ട്രെയിൻമാർഗ്ഗമാണ് അന്തർ സംസ്ഥാനക്കാരുടെ ലഹരിക്കടത്തെങ്കിൽ ചരക്ക് ലോറികളും അന്തർ സംസ്ഥാന ബസുകളും മറയാക്കിയാണ് മലയാളികളുടെ ലഹരിക്കടത്ത്. ഇവരിൽ ഭൂരിഭാഗം പേർക്കും ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധമുണ്ടെന്നതിനാൽ പിടിക്കപ്പെടാറില്ല.പരാതി നൽകിയാലും നടപടികളുണ്ടാകാറുമില്ല.
രണ്ട് മാസം; പിടിയിലായത് 71 പേർ
രണ്ട് മാസത്തിനിടെ ജില്ലയിൽ ലഹരി വിസ്തുക്കളുമായി പിടിയിലായത് 71 പേരാണ്. ഇതിൽ 29 പേർ അന്തർ സംസ്ഥാനക്കാരാണ്. ഇക്കൂട്ടത്തിൽ ഒരു സ്ത്രീയുമുണ്ട്. ഓണത്തോടനബന്ധിച്ച് പ്രത്യേക പരിശോധന നടന്നതിനാലാണ് ഇത്രയധികം പേരെ പിടികൂടിയത്. പിടിയിലായവരെല്ലാം ചെറുകിട കച്ചവടക്കാരും ഇടനിലക്കാരുമാണ്. എന്നാൽ ലഹരി മാഫിയ സംഘങ്ങളുടെ ‘തല’കളിലേക്ക് ഉദ്യോഗസ്ഥരെത്തുന്നത് അപൂർവമാണ്.
ലഹരി സംഘങ്ങളെ പിടികൂടുന്നതിൽ വിവിധ തരത്തിലുളള അപര്യാപ്തതകളാണ് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുന്നത്. ഉദ്യോഗസ്ഥ ക്ഷാമം, ജോലിഭാരം, പരിശോധന സൗകര്യങ്ങളുടെ അഭാവം, മാഫിയകളുടെ ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധം എല്ലാം പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്ക് പ്രതിസന്ധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.