മയക്കുമരുന്ന് വിൽപന; കൂടുതൽ പേർ കരുതൽ തടങ്കലിലേക്ക്
text_fieldsനെടുമ്പാശ്ശേരി: മൂന്ന് മയക്കുമരുന്ന് കേസിൽ പ്രതികളായ കൂടുതൽ പേരെ ജില്ലയിൽ കരുതൽ തടങ്കലിലാക്കുന്നു. ഒരു വർഷം വരെയാണ് കരുതൽ തടങ്കലിലാക്കുക. ഇവരുടെ ലിസ്റ്റ് എക്സൈസും പൊലീസും ചേർന്ന് തയാറാക്കി തുടങ്ങി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായവർക്കെതിരെയാണ് നടപടി.
സിറ്റി പൊലീസ് കമീഷണറും റൂറൽ ജില്ല പൊലീസ് സൂപ്രണ്ടും തയാറാക്കിയ പുതിയ ലിസ്റ്റ് താമസിയാതെ അഭ്യന്തര സെക്രട്ടറിക്ക് കെകമാറും. അഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റി പരിശോധിച്ചാണ് കരുതൽ തടവിലാക്കേണ്ടവരുടെ പട്ടിക തയാറാക്കുക. ജില്ലയിൽ ഇത്തരത്തിൽ തയാറാക്കിയിട്ടുള്ള ലിസ്റ്റിൽ വനിതകളും ഉൾപ്പെട്ടിട്ടുണ്ട്.
കൊച്ചി നഗരത്തിൽ വനിതകൾക്കിടയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരിൽ പ്രധാനികളായി പ്രവർത്തിക്കുന്ന കൊല്ലം സ്വദേശിനിയും ഞാറക്കൽ സ്വദേശിനിയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചി നഗരത്തിൽ ഈ വർഷം ഇതുവരെ എട്ടുപേരുടെ പട്ടിക കൈമാറി. ഇതിൽ മൂന്ന് പേരെ തടവിലാക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസിലെ റിമാൻഡ് പ്രതികളെ വെവ്വേറെ സെല്ലുകളിൽ പാർപ്പിക്കണമെന്ന് നിർദേശമുണ്ടെങ്കിലും ജയിലുകളിൽ തടവുകാരുടെ എണ്ണം കൂടുന്നതിനാൽ അതിന് കഴിയുന്നില്ല. ആലുവ, അങ്കമാലി, പറവൂർ, പെരുമ്പാവൂർ മേഖലകളിലെ പ്രതികളെ ആലുവ സബ്ജയിലിലേക്കാണ് റിമാൻഡ് ചെയ്യുക. 19 സെല്ലിലായി 57 പേരെയാണ് ഇവിടെ പാർപ്പിക്കാൻ കഴിയുക. എന്നാൽ, മിക്കപ്പോഴും 120ന് മുകളിൽ പ്രതികൾ ഇവിടെ ഉണ്ടാകാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.