ലഹരിവസ്തു ഉപയോഗം; സ്കൂൾ, കോളജ് കാമ്പയിനിന് വനിത കമീഷൻ
text_fieldsകൊച്ചി: കൗമാരക്കാർക്കിടയിൽ ലഹരിവസ്തു ഉപയോഗം തടയാൻ സ്കൂൾ, കോളജ് തലത്തിൽ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. കുട്ടികൾക്കെതിരായ അക്രമം തടയാൻ ലൈംഗിക വിദ്യാഭ്യാസത്തിന് സാധിക്കും. ശാരീരിക വളർച്ച, ഹോർമോൺ വ്യതിയാനം എന്നിവയുടെ അറിവ് അനിവാര്യമാണെന്നും അവർ പറഞ്ഞു. എറണാകുളത്ത് വനിത കമീഷൻ അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വർധിച്ചു. സമൂഹമാധ്യമങ്ങളിലെ വികലമായ അറിവ് തെറ്റുകളിലേക്ക് നയിക്കുന്നു.അതിനാൽ സ്ത്രീപക്ഷ നിലപാടുകളിലൂന്നിയുള്ള സോഷ്യൽ മീഡിയ മോണിറ്ററിങ് അനിവാര്യമാണ്.മാധ്യമ സ്ഥാപനങ്ങളിൽ സ്ത്രീ സുരക്ഷക്കും സ്ത്രീ സൗഹൃദാന്തരീക്ഷം ഉറപ്പാക്കാനുമായി മാധ്യമങ്ങൾക്ക് ഒരു മാർഗരേഖ എത്തിക്കാൻ സർക്കാറിന് നൽകുമെന്നും അവർ പറഞ്ഞു.
മാട്രിമോണിയൽ പരസ്യങ്ങൾ മുഖേന വിവാഹം നടത്തി ചുരുങ്ങിയ കാലയളവിൽ ആഭരണങ്ങൾ ദുരുപയോഗം ചെയ്യുകയും വിവാഹം നടത്തുന്നതിനുമുമ്പ് പണം കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന അദാലത്തിൽ 162 പരാതികൾ പരിഗണിച്ചു. 31 പരാതികൾ തീർപ്പാക്കി. 13 എണ്ണത്തിൽ കമീഷൻ റിപ്പോർട്ട് തേടി.
118 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിത കമീഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഡ്വക്കേറ്റുമാരായ സ്മിത ഗോപി, എ.ഇ. അലിയാർ, പി. യമുന, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
വിവാഹം രജിസ്റ്റർ ചെയ്യാൻ പ്രീമാരിറ്റൽ കൗൺസലിങ് നിർബന്ധമാക്കണം
കൊച്ചി: വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് പ്രീ മാരിറ്റൽ കൗൺസലിങ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വനിത കമീഷൻ. പ്രീ- മാരിറ്റൽ കൗൺസലിങ് നിർബന്ധമാക്കണമെന്നും ഇത് സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വനിത കമീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
വനിത കമീഷൻ അദാലത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പ്രീ മാരിറ്റൽ കൗൺസലിങ് നൽകുന്നതിലൂടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാനാകും.വാർഡുതല ജാഗ്രതാ സമിതികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ പ്രശ്നങ്ങൾ ഏറക്കുറെ തടയാനും അതിവേഗത്തിൽ പരിഹാരം കണ്ടെത്താനും സാധിക്കും. വാർഡുതല ജാഗ്രത കമ്മിറ്റികൾക്ക് ജില്ലതലത്തിൽ പ്രത്യേക പരിശീലനം നൽകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.