കോവിഡ്കാലത്ത് അതിജീവനത്തിന് ബസുടമകളും ജീവനക്കാരും വാങ്ങിയ പോത്തുകളെ മോഷ്ടിച്ചു
text_fieldsകാക്കനാട്: കോവിഡ്കാലത്ത് അതിജീവനത്തിനായി വാങ്ങിയ പോത്തുകൾ മോഷണംപോയി. കാക്കനാടും സമീപ പ്രദേശങ്ങളിലുമുള്ള ബസ് മുതലാളിമാരും ജീവനക്കാരും വാങ്ങിയ പോത്തുകളെയാണ് കാക്കനാട് ഐ.എം.ജി ജങ്ഷന് സമീപത്തുനിന്ന് മോഷ്ടാക്കൾ കൊണ്ടുപോയത്. ബലിപ്പെരുന്നാളിനോടനുബന്ധിച്ച് വിൽക്കാൻ െവച്ചിരുന്ന രണ്ട് പോത്തുകളെയാണ് കാണാതായത്. കോവിഡിനെത്തുടർന്ന് വരുമാനം നിലച്ചതോടെയാണ് കാക്കനാട് സ്റ്റാൻഡിൽനിന്ന് ഓടുന്ന അറഫ ബസ് ഉടമ അജാസ്, സെൻറ് തോമസ് ബസ് ഉടമ യാക്കൂബ്, തൊഴിലാളികളായ ശ്രീജേഷ്, നിബു, സലാം, മെക്കാനിക്കായ തമിഴ്നാട് സ്വദേശി മുത്തു എന്നിവർ ചേർന്ന് പോത്തുകൾ വാങ്ങിയത്.
1.16 ലക്ഷം രൂപ മുടക്കി എട്ട് പോത്തുകളായിരുന്നു ഇവർ വാങ്ങിയത്. പെരുന്നാൾവിപണി ലക്ഷ്യമിട്ട് എട്ടുമാസം മുമ്പ് പൊള്ളാച്ചിയിൽ നിന്നായിരുന്നു ഇവയെ എത്തിച്ചത്. തുടർന്ന് ഇവയെ പല സ്ഥലങ്ങളിലെ പാടങ്ങളിലായിരുന്നു കെട്ടിയിട്ട് വളർത്തിയത്. ഇതിൽ ഐ.എം.ജി ജങ്ഷന് സമീപത്തെ സൈനികകേന്ദ്രത്തിനടുത്തുള്ള പാടത്തുണ്ടായിരുന്ന പോത്തുകളാണ് മോഷണംപോയത്. ഇവക്ക് ഒന്നരലക്ഷത്തോളം വിലവരുമെന്ന് ഉടമകൾ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഇവയെ മാറ്റിക്കെട്ടിയെങ്കിലും ലോക്ഡൗൺ കാരണം തികളാഴ്ച പോകാൻ കഴിഞ്ഞില്ല. അടുത്ത ദിവസം വെള്ളം കൊടുക്കാനെത്തിയ ഉടമകളാണ് വിവരം അറിഞ്ഞത്. കയറും കെട്ടിയിരുന്ന കമ്പിയുമടക്കം മോഷ്ടാക്കൾ അടിച്ചുമാറ്റുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.