പൊടിപടലം: ദുരിതം നഗരജീവിതം
text_fieldsകൊച്ചി: വേനൽ കനത്തതോടെ നഗരത്തിൽ പൊടിശല്യം രൂക്ഷമാകുന്നു. ചെറിയ കാറ്റടിക്കുമ്പോഴും വാഹനങ്ങൾ കടന്നുപോകുമ്പോഴും ഉയരുന്ന പൊടിക്കാറ്റിൽ ഇരു ചക്രവാഹനയാത്രികരും കാൽനടക്കാരും വലയുകയാണ്. ഇടക്ക് വേനല്‍മഴ പെയ്തിട്ടും പൊടിശല്യം കുറഞ്ഞിട്ടില്ല.
ചൂട് ഉയർന്നതോടെ മേൽമണ്ണിന്റെ ഈര്‍പ്പം കുറഞ്ഞതാണ് പൊടിശല്യം രൂക്ഷമാകാൻ കാരണം. ചെറുകിട വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരാണ് ഏറെ വെല്ലുവിളി നേരിടുന്നത്. കടകൾക്കുമുന്നിലുള്ള റോഡുകളിൽ ഇടക്കിടക്ക് വെള്ളം തളിച്ചും മറ്റുമാണ് പൊടിയെ നേരിടുന്നത്.
ബ്രോഡ്വേയിൽ കടകള്‍ക്ക് മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. പച്ചക്കറിയും പഴവും വില്പന നടത്തുന്ന കടകൾ നടത്തുന്നവരും ദുരിതത്തിലാണ്. പൊടിയടിച്ച് മിക്കവയും വൃത്തികേടാകുന്ന അവസ്ഥയാണുള്ളത്. ഇത് കച്ചവടത്തെയും ബാധിക്കുന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും കച്ചവടക്കാർ പറയുന്നു. ഇതിനൊപ്പം നഗരത്തില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായും ഡോക്ടർമാർ പറയുന്നു. തുമ്മല്‍, ചര്‍മ രോഗങ്ങള്‍ തുടങ്ങിയവയും കൂടുകയാണ്. പൊടിശല്യം പരിഹരിക്കാൻ നഗരസഭയും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.