എറണാകുളം ജില്ലയിലെ ആശുപത്രികളിൽ ഇ-ഹെല്‍ത്ത് നടപ്പാക്കണം -വീണ ജോര്‍ജ്
text_fieldsകാക്കനാട്: ജില്ലയിലെ താലൂക്ക്, ജനറല്‍ ആശുപത്രികളിലെ വികസനവും സെക്യൂരിറ്റി, സി.സി ടി.വി കാമറ, പബ്ലിക് അഡ്രസ് സംവിധാനം, ഇ-ഹെല്‍ത്ത് എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
എറണാകുളം ജില്ലയിലെ താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ കഴിഞ്ഞ മൂന്നുദിവസം മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാൻ എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് കലക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പരിശീലനം സിദ്ധിച്ചവരെ തന്നെ സുരക്ഷക്കായി നിയോഗിക്കും.
സി.സി ടി.വി കാമറകള്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പാക്കും. പബ്ലിക് അഡ്രസ് സിസ്റ്റം എല്ലാ ആശുപത്രികളിലും ഉണ്ടാകണം. ജില്ലയിലെ ആശുപത്രികളെ ഇ- ഹോസ്പിറ്റലുകളായി ഉയര്‍ത്തുന്ന നടപടി വേഗത്തിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആശുപത്രികളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താൻ ആവശ്യമായ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ എം.എൽ.എമാരായ കെ. ബാബു, കെ.ജെ. മാക്സി, ആന്റണി ജോണ്‍, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളില്‍, മാത്യു കുഴല്നാടന്, അന്‍വര്‍ സാദത്ത്, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആശുപത്രികള്‍ വികസിപ്പിക്കും
പശ്ചിമകൊച്ചി മേഖലയിലെ ആശുപത്രികള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഫോര്‍ട്ട്കൊച്ചിയിലെ അള്‍ട്ര സൗണ്ട് സ്കാനിങ് സംവിധാനം കരുവേലിപ്പടിയിലെ രോഗികള്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്നതിനെക്കുറിച്ച് ആലോചിക്കും.
മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡിന് മുകളില്‍ നിർമാണം സാധ്യമാണെങ്കില്‍ കെട്ടിടം വലുതാക്കി നവീകരിക്കാൻ നടപടി സ്വീകരിക്കും. തോപ്പുംപടി കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് സൗകര്യം ഒരുക്കും.
നിലവില്‍ തടസ്സപ്പെട്ടിരിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാൻ നടപടി സ്വീകരിക്കും. ആശുപത്രികളില്‍ ജില്ല തലത്തില്‍ പരിഹരിക്കേണ്ടതായ കാര്യങ്ങള്‍ കലക്ടര്‍ ഇടപെട്ട് പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പള്ളുരുത്തി, ഞാറക്കല്‍ താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കും. പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി തുടങ്ങുന്നതിനും നടപടി സ്വീകരിക്കും.
പരാതിക്കെട്ടഴിച്ച് രോഗികളും ജീവനക്കാരും
തൃപ്പൂണിത്തുറ: ആര്‍ദ്രം പദ്ധതിയിലൂടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി വികസന പാതയിലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അതേസമയം, ആവശ്യത്തിന് നഴ്സുമാരോ ഡോക്ടര്‍മാരോ ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന ദുരിതം നിരവധിപേർ മന്ത്രിയോട് വിശദീകരിച്ചു. സുരക്ഷ പ്രശ്നങ്ങളും ആവശ്യത്തിന് സെക്യൂരിറ്റികളെ നിയമിക്കാത്തതും കഴിഞ്ഞ ദിവസം മണിപ്പൂരി സ്വദേശി ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമെല്ലാം ജീവനക്കാരുടെ ആശങ്കകളായി പങ്കുവെച്ചു. നിരവധി വിഷയങ്ങൾ ഉന്നയിച്ച് ആശുപത്രി കമ്മിറ്റി അംഗം സി. വിനോദ് മന്ത്രിക്ക് രേഖാമൂലം നിവേദനം നല്കി. ആശുപത്രിയിലെ ഡി അഡിക്ഷന് സെന്റര്‍, ജൈവമാലിന്യ സംസ്കരണ യൂനിറ്റ്, അത്യാഹിത വിഭാഗം, വിവിധ വാര്‍ഡുകള്‍, റൂമുകള്‍, ഒ.പി സൗകര്യം, ഫാര്‍മസി, ലാബുകള്‍, ശുചിമുറികള്‍ എന്നിവ മന്ത്രി പരിശോധിച്ച് പുരോഗതി വിലയിരുത്തി. കൂടാതെ ആശുപത്രി ജീവനക്കാര്‍, രോഗികള്‍, രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ എന്നിവരുമായി ആശുപത്രിയിലെ സേവനങ്ങളും സൗകര്യങ്ങളും ചോദിച്ചറിയുകയും ചെയ്തു.
കെ. ബാബു എം.എല്‍.എ, ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ഡോ.ജോസ് ജി.ഡിക്രൂസ്, തൃപ്പൂണിത്തറ നഗരസഭ ചെയര്പേഴ്സൻ രമ സന്തോഷ്, വൈസ് ചെയര്മാന് കെ.കെ. പ്രദീപ് കുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സവിത, ആശുപത്രി സൂപ്രണ്ട് ഡോ.സി. സുമ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.എ. ബെന്നി, വാര്‍ഡ് കൗണ്‍സിലര്‍ രാധിക വര്‍മ, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.