ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണം പുനരാരംഭിക്കാൻ ശ്രമം
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് അവതാളത്തിലായ കൊച്ചി നഗരത്തിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്ത് കോർപറേഷൻ. നിലവിൽ ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് സർക്കാറിന്റെ അനുമതിയില്ലെങ്കിലും ഇക്കാര്യത്തിൽ പലതവണ മന്ത്രിമാരോടുൾപ്പെടെ അഭ്യർഥന നടത്തിയിട്ടുണ്ടെന്ന് മേയർ എം. അനിൽകുമാർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പരിചയസമ്പന്നരായ ഏജൻസികൾ മുന്നോട്ടുവന്നാൽ ചെറിയ തോതിൽ സംസ്കരണം തുടങ്ങാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി താൽപര്യപത്രം ക്ഷണിച്ചു. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള സംസ്കരണവും സമാന്തരമായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
ഏജൻസികൾ തയാറായി വന്നാൽ സംസ്കരണം നടത്താനുള്ള സ്ഥലവും ടണ്ണിന് നിശ്ചിത നിരക്കും അനുവദിക്കും. നിലവിൽ ബ്രഹ്മപുരത്തെ മാലിന്യനിക്ഷേപ ഷെഡ് അറ്റകുറ്റപ്പണി നടത്താനാവുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രിമാർ യോഗം വിളിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
ബ്രഹ്മപുരം അനുവദിക്കാത്ത സാഹചര്യത്തിൽ വെല്ലിങ്ടൺ ഐലൻഡ്, ചേരാനെല്ലൂർ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്ലാന്റ് ഒരുക്കാനുള്ള സാധ്യതകൾ തേടിയിരുന്നു. ഐലൻഡിൽ ഭൂമി വിട്ടുനൽകാൻ പോർട്ട്ട്രസ്റ്റ് തയാറാണെങ്കിലും നാവികസേനയുടെ എൻ.ഒ.സി ലഭിക്കാത്തതാണ് ഇക്കാര്യത്തിലുള്ള തടസ്സം.
മാലിന്യനീക്കം പൂർണ വിജയമല്ല
വ്യാഴാഴ്ച മുതൽ ആരംഭിച്ച ബദൽ സംവിധാനം പൂർണ വിജയമല്ലെന്ന് സമ്മതിച്ച് മേയർ. 100 ടൺ കൊണ്ടുപോവാമെന്നേറ്റിട്ട് 50 ടൺ പോലും കൊണ്ടുപോവാൻ ഏജൻസികൾക്കാവുന്നില്ല. ഒരു ഏജൻസിയാണെങ്കിൽ പിന്മാറുകയും ചെയ്തു. ഇക്കാര്യത്തിൽ പല സമ്മർദങ്ങളും അവർക്കുമേലുണ്ട്. പുതിയ ഏജൻസികളെ തേടിയിട്ട് കിട്ടുന്നുമില്ല. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജൈവമാലിന്യ ശേഖരണം നടത്തിയാലോ എന്ന് ആലോചിക്കുന്നുണ്ടെന്നും എം. അനിൽകുമാർ പറഞ്ഞു.
കാന ശുചീകരണ യന്ത്രം ഉദ്ഘാടനം നാളെ
നഗരത്തിലെ കാനകൾ ശുചീകരിക്കാനുള്ള ആധുനിക യന്ത്രം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തദ്ദേശ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. റോബോട്ടിക്എ ക്സ്കവേറ്ററും ജെറ്റിങ് കം സക്ഷൻ മെഷീനുമാണ് ഇതിനായി പ്രവർത്തിക്കുക. എം.ജി റോഡിലെ കാനയിലാണ് ഉദ്ഘാടനം നടക്കുക.
മാലിന്യനീക്കം തടസ്സപ്പെടുത്തുന്നതിനു പിന്നിൽ രാഷ്ട്രീയ അട്ടിമറി -മേയർ
കൊച്ചി: നഗരത്തിലെ മാലിന്യനീക്കത്തിലെ പ്രതിസന്ധിക്ക് പിന്നിൽ രാഷ്ട്രീയ അട്ടിമറിയും സ്ഥാപിത താൽപര്യക്കാരുമുണ്ടെന്നും മേയർ എം. അനിൽകുമാർ ആരോപിച്ചു. രാഷ്ട്രീയം മാത്രമല്ല, മാലിന്യ മാഫിയയുടെ ഇടപെടലും ഇക്കാര്യത്തിലുണ്ട്. നിലവിൽ മാലിന്യം ഏറ്റെടുക്കുന്ന സ്വകാര്യ ഏജൻസികൾക്ക് ഇക്കാര്യത്തിൽ താൽപര്യം കുറഞ്ഞുവരുകയാണ്. മൂന്ന് ഏജൻസികളിലൊന്ന് പദ്ധതി തുടങ്ങുന്നതിന് തലേദിവസം പിന്മാറി. തീപിടിത്തത്തിൽ അന്വേഷണം നടത്തുന്ന ഏജൻസികൾ ഈ അട്ടിമറിക്ക് പിന്നിൽ ആരാണെന്ന കാര്യവും അന്വേഷിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം വിവിധ സംവിധാനങ്ങൾ നടപ്പാക്കിയതിലൂടെ മാലിന്യത്തിന്റെ അളവ് നല്ലൊരു ശതമാനം കുറഞ്ഞിരിക്കുകയാണ്. ഇത് പലരെയും പ്രകോപിപ്പിക്കുന്നുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
മാലിന്യം തള്ളല്‍; 12 കേസ്് കൂടി
കൊച്ചി: ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളിയവർക്കെതിരെ 12 കേസുകൂടി പൊലീസ് രജിസ്റ്റർ ചെയ്തു. എറണാകുളം സെന്‍ട്രല്‍, ഫോര്‍ട്ട്കൊച്ചി, കടവന്ത്ര, ഹാര്‍ബര്‍ ക്രൈം, കണ്ണമാലി, മട്ടാഞ്ചേരി, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിലായി 10 കേസും റൂറല്‍ പൊലീസ് പരിധിയിലെ നെടുമ്പാശ്ശേരി, ഞാറക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് കേസുമാണ് വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്തത്.
മൈ കൊച്ചിയിൽ രജിസ്റ്റർ ചെയ്യാം
ശുചിമുറി മാലിന്യം സംസ്കരിക്കാൻ മൈ കൊച്ചി ആപ് വഴി രജിസ്റ്റർ ചെയ്താൽ മതി. ഈ ആപ് നേരത്തേ തുടങ്ങിയിട്ടുണ്ടെങ്കിലും പ്രതികരണം കുറവാണ്. 9995433431 എന്ന ടോൾഫ്രീ നമ്പറിലും വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.