ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഇന്ന് എട്ട് വയസ്സ്
text_fieldsതകർന്ന ബോട്ട് (ഫയൽ ചിത്രം)
ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്ത് മത്സ്യബന്ധന യാനം യാത്രാബോട്ടിൽ ഇടിച്ച് 11 പേർ മരിച്ച സംഭവം നടന്നിട്ട് ശനിയാഴ്ച എട്ട് വർഷം പൂർത്തിയാകുന്നു. 2015ലെ ഓണക്കാലത്താണ് വൈപ്പിനിൽ നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് നിറയെ യാത്രക്കാരുമായി വന്ന കൊച്ചി നഗരസഭയുടെ എം.ബി ഭാരത് എന്ന ബോട്ടിന്റെ മധ്യഭാഗത്ത് സമീപത്തെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ചശേഷം അതിവേഗം പാഞ്ഞുവന്ന മത്സ്യബന്ധന വള്ളം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തകർന്ന ബോട്ട് കൊച്ചി അഴിമുഖത്ത് മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരിൽ 11 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപയും നഗരസഭ രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകി. പരിക്കേറ്റവർക്ക് ചികിത്സ സഹായമായി 10000 രൂപയും ഗുരുതര പരിക്കേറ്റ രണ്ട് പേർക്ക് രണ്ട് ലക്ഷം വീതവും നഗരസഭ നൽകി. എന്നാൽ, ആശ്രിതർക്ക് ജോലി നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല.
ദുരന്തത്തിൽ മരണമടഞ്ഞവരെ സ്മരിക്കുന്നതിനായി കൊച്ചിൻ വികസന വേദിയുടെ നേതൃത്വത്തിൽ രാവിലെ ഏഴരക്ക് അപകടം നടന്ന കമാലക്കടവിൽ സ്മൃതിദിനം ആചരിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്യും. വെസ്റ്റ് മാന്ത്ര റസിഡൻസ് ഡെവലപ്പ്മെന്റ് അസോസിയേഷൻ വൈകീട്ട് നാലിന് ശ്രദ്ധാഞ്ജലി അർപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.