എറണാകുളം നഗരത്തിലെ വസ്ത്ര സ്ഥാപനത്തിൽ തീപിടിത്തം
text_fieldsകൊച്ചി: നഗരത്തിലെ വസ്ത്ര മൊത്ത വ്യാപാര സ്ഥാപനത്തിൽ ചെറിയ തീപിടിത്തം. മാർക്കറ്റ് റോഡിന് സമീപം ഗോപാലപ്രഭു റോഡിലെ ‘ജയ് ശ്രീകൃഷ്ണ’ സ്ഥാപനത്തിലാണ് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തീപിടിച്ചത്.
കടയിൽനിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ ക്ലബ് റോഡ് ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. അവധിയായിരുന്നതിനാൽ തുണിക്കടയിൽ ആരുമുണ്ടായിരുന്നില്ല. ഷട്ടർ ഇട്ടിരുന്നതിനാൽ ഫയർഫോഴ്സ് സംഘത്തിന് അകത്ത് കയറാനായില്ല.
ഷട്ടർ ഉയർത്താൻ ശ്രമിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കടക്കം പൊള്ളലേറ്റു. പിന്നീട് കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് ഷട്ടർ കുത്തിത്തുറക്കുകയായിരുന്നു.
ഇലക്ട്രിക് സാമഗ്രികൾ കൂടുതലുള്ള കടയുടെ കൗണ്ടർ ഭാഗത്തുനിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുറച്ച് തുണികൾ കത്തിപ്പോയി. അവധി ദിവസമായിരുന്നെങ്കിലും സമീപവാസികളുടെ സമയോചിത ഇടപെടലാണ് ആളപായവും വലിയ നാശനഷ്ടങ്ങളും ഒഴിവായത്. സമീപത്ത് മറ്റ് തുണിക്കടകളുള്ളതിനാൽ അപകട സാധ്യത ഏറെയായിരുന്നു. സ്ഥാപന ഉടമ അശോക് ചൗധരിയെ ബന്ധപ്പെട്ടെങ്കിലും സ്റ്റോക്ക് എടുക്കാൻ പോയിരിക്കുകയാണെന്നാണ് ഫയർഫോഴ്സിനെ അറിയിച്ചത്.
ഉടമ എത്തിയാൽ മാത്രമേ നാശനഷ്ടം കൃത്യമായി കണക്കാക്കാൻ പറ്റൂവെന്നും ഫയർ ഫോഴ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.