ബജറ്റ്: എറണാകുളം ജില്ലക്ക് നിരാശമാത്രം...
text_fieldsകൊച്ചി: സംസ്ഥാനത്തിന്റെ വ്യവസായ തലസ്ഥാനമായ ജില്ലക്ക് കേന്ദ്രബജറ്റിൽ കാര്യമായി ഒന്നുമില്ല. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഗ്രാൻറ് ഇനത്തിൽ മാത്രമാണ് ബജറ്റ് വിഹിതം അനുവദിച്ചത്. അതേസമയം, ഓഹരി വിൽപനക്ക് പച്ചക്കൊടി കാണിക്കുന്ന ബജറ്റ് നയം ബി.പി.സി.എൽ ഉൾപ്പെടെ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടും.
കൊച്ചി കപ്പൽശാലക്ക് 400 കോടിയുടെ ഗ്രാൻറ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 300 കോടിയായിരുന്നതാണ് ഇക്കുറി ഉയർത്തിയത്. എന്നാൽ, രണ്ടുവർഷം മുമ്പ് 400 കോടിയും അതിനും മുമ്പ് 473.85 കോടിയുമായിരുന്നു. ഷിപ്പിങ് കോർപറേഷന് അനുവദിച്ച 80 കോടി രൂപയാണ് ബജറ്റിൽ കൊച്ചിയെ പരാമർശിക്കുന്ന മറ്റൊന്ന്.
മിനിക്കോയ്-കൊച്ചി-തൂത്തുക്കുടി-മാലി എന്നിവയെ ബന്ധിപ്പിച്ച് കടലിലൂടെ കാർഗോ, പാസഞ്ചർ സർവിസുകൾ നടത്താൻ ധനസഹായമായാണ് ഈ തുക അനുവദിച്ചത്. കഴിഞ്ഞ വർഷം150 കോടി രൂപയായിരുന്നത് ഇക്കുറി ഗ്രാൻറിനത്തിൽ കുറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപയിനത്തിൽ കൊച്ചി പോർട്ട് ട്രസ്റ്റിന് 23.88 കോടി ലഭിക്കും. ക്രെഡിറ്റ് കോ ഓപറേറ്റിവ് സൊസൈറ്റികൾക്ക് ലോൺ ഇനത്തിൽ ചെലവഴിക്കാനാണ് ഈ തുക.
ജില്ലയുടെ അഭിമാനസ്ഥാപനമായ എഫ്.എ.സി.ടിക്ക് 340 കോടി രൂപയാണ് ഗ്രാൻറ്. കഴിഞ്ഞ തവണ ലഭിച്ച ഗ്രാൻറിൽനിന്ന് കുറച്ചിട്ടില്ലെന്ന് ആശ്വസിക്കാം.
അടുത്ത സാമ്പത്തികവർഷം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ 65,000 കോടി രൂപ കേന്ദ്ര സർക്കാർ ലക്ഷ്യമിടുമ്പോൾ അതിൽ മുൻപന്തിയിൽ കൊച്ചിയിലെ ബി.പി.സി.എൽ റിഫൈനറിയും വരും. നടപ്പ് സാമ്പത്തിക വർഷംതന്നെ ഇതിന് ഒരുക്കം നടത്തിയെങ്കിലും പൂർണതയിൽ എത്തിയിട്ടില്ല.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എൽ വിൽക്കുമ്പോൾ കൊച്ചിക്കും അത് തിരിച്ചടിയാകും. 3.83 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടുലക്ഷം കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്.
കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിലുള്ള 53.29 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്. പരമാവധി 1.10 ലക്ഷം കോടി രൂപക്കാണ് കൈമാറാൻ നീക്കം. ബി.പി.സി.എല്ലിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ കൊച്ചി റിഫൈനറിക്ക് മാത്രം ഒന്നര ലക്ഷം കോടിയുടെ ആസ്തി മൂല്യമുണ്ടെന്നാണ് കരുതുന്നത്.
ബജറ്റ് മാറ്റമുണ്ടാക്കാൻ ഉതകുന്നത് -ശ്യാം ശ്രീനിവാസൻ
കൊച്ചി: ശരിക്കും മാറ്റമുണ്ടാക്കാനുതകുന്നതാണ് പുതിയ കേന്ദ്ര ബജറ്റെന്ന് ഫെഡറൽ ബാങ്ക് സി.ഇ.ഒ ശ്യാം ശ്രീനിവാസൻ. അടിസ്ഥാന സൗകര്യവികസനത്തിന് മൂലധനച്ചെലവില്‍ 35 ശതമാനം വർധന, പ്രതിരോധരംഗത്തെ ചെലവില്‍ തദ്ദേശ കമ്പനികള്‍ക്ക് 65 ശതമാനം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ്, പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍ തുടങ്ങിയവയെല്ലാം സൂചിപ്പിക്കുന്നത് ആത്മനിര്‍ഭര്‍ ഭാരതിനായുള്ള സുവ്യക്തവും മനോഹരമായി ചിട്ടപ്പെടുത്തിയതുമായ പ്രതീക്ഷകളാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയെ അവഗണിച്ചു -കോൺഗ്രസ്
കൊച്ചി: കേരളത്തിന്റെ വ്യവസായിക തലസ്ഥാനം എന്ന പരിഗണന പോലും നൽകാതെ കൊച്ചിയെ തീർത്തും അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. കൊച്ചി മെട്രോയുടെ വികസനത്തെ സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല. ചെറുകിട വ്യാപാര മേഖലകൾ, ടൂറിസം മേഖലകൾ ഉൾപ്പെടെ കൊച്ചിയെ നേരിട്ട് ബാധിക്കുന്ന എല്ലാ മേഖലയെയും അവഗണിച്ചു. കാർഷിക, വിദ്യാഭ്യാസ, വായ്പകളുടെ തിരിച്ചടവിന് വേണ്ടി മൊറട്ടോറിയം പ്രഖ്യാപിക്കാനോ നീട്ടി നൽകാനോ ഉള്ള ഒരു നിർദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.