എറണാകുളം ജനറൽ ആശുപത്രി കാൻസർ ബ്ലോക്ക് ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
text_fieldsകൊച്ചി: നിർമാണം പൂർത്തിയായി ഏറെ കാലമായിട്ടും പ്രവർത്തനം തുടങ്ങാതിരുന്ന എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ ബ്ലോക്കിന് ഒടുവിൽ ശാപമോക്ഷം. 25 കോടി ചെലവിട്ട് നിർമിച്ച കാൻസർ ബ്ലോക്ക് ഗാന്ധിജയന്തി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഗ്നിരക്ഷ സേനയുടെ ഫയർ എൻ.ഒ.സി ലഭിക്കാത്തതിനെ തുടർന്നാണ് നിർമാണം പൂർത്തിയായി മാസങ്ങളായിട്ടും ഉദ്ഘാടനം നീണ്ടുപോയത്.
സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിയുടെ ഭാഗമായി 25 കോടി ചെലവിട്ട് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്(സി.എസ്.എം.എൽ) ആണ് കാൻസർ ബ്ലോക്ക് നിർമിച്ചത്. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ ഏഴുനിലകളിലായാണ് കെട്ടിടം ഒരുങ്ങിയത്.
കാൻസർ ഐ.സി.യു, കീമോതെറപ്പി യൂനിറ്റ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാർഡുകൾ, ഡോർമെട്രി തുടങ്ങിയ സൗകര്യങ്ങളുള്ള കെട്ടിടത്തിൽ 100പേരെ കിടത്തിച്ചികിത്സിക്കാനാവും. 2020ൽ നിർമാണം തുടങ്ങി ഇക്കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയായെങ്കിലും ഫയർ എൻ.ഒ.സി ഉൾപ്പെടെയുള്ള സാങ്കേതിക കുരുക്കുകളിൽ പെട്ടുകിടക്കുകയായിരുന്നു.
പ്രവർത്തന സജ്ജമായി ഏറെക്കാലമായിട്ടും ഉദ്ഘാടനം നടത്താത്തതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനിടെയാണ് എൻ.ഒ.സി ലഭിച്ചത്. ആശുപത്രിയുടെ പ്രധാന വളപ്പിനുള്ളിലല്ല, തൊട്ടടുത്തുള്ള മാർക്കറ്റ് റോഡിനോട് ചേർന്നാണ് കെട്ടിടം നിർമിച്ചത്.
നിലവിൽ അഞ്ച് ഡോക്ടർമാർ, 30 നഴ്സുമാർ, 10 മറ്റു ജീവനക്കാർ എന്നിങ്ങനെയാണ് കാൻസർ വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം. ഇത് വർധിപ്പിച്ചാലേ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനാവൂ എന്നാണ് ആശുപത്രിയിലുള്ളവരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.