മഴക്കാലമായി മുങ്ങാൻ റെഡിയായി എറണാകുളം കെ.എസ്.ആർ.ടി.സി
text_fieldsകൊച്ചി: വീണ്ടുമൊരു മഴക്കാലമെത്തുമ്പോൾ മാറ്റങ്ങളൊന്നുമില്ലാതെ പരാധീനതകളിൽ തുടരുകയാണ് എറണാകുളം കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിലൊന്നായിട്ടും വർഷങ്ങളോളമായി നവീകരണം സാധ്യമായിട്ടില്ല. ശക്തമായൊരു മഴ പെയ്താൽ ബസ് സ്റ്റാൻഡ് പരിസരത്തേക്കുപോലും യാത്രക്കാർക്ക് കയറാനാകാത്ത നിലയിൽ വെള്ളം കയറുന്നത് എല്ലാവർഷവും പതിവ് കാഴ്ചയാണ്. വൃത്തിഹീനമായ പരിസരം യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഡ്രയ്നേജ് ശുചീകരണവും നടക്കുന്നില്ലെന്ന് ജീവനക്കാർ തന്നെ പരാതിപ്പെടുന്നു. മാലിന്യവാഹിയായ വെള്ളം ഏത് സമയത്തും ഇരച്ചു കയറുമെന്ന ആശങ്കയിലാണ് താഴെ നിലയിൽ പ്രവർത്തിക്കുന്ന ഓഫിസ്. തറനിരപ്പിൽനിന്ന് താഴെയാണ് യാത്രക്കാരുടെ വിശ്രമ ഇടവും കച്ചവടസ്ഥാപനങ്ങളുമൊക്കെയുള്ള ഭാഗം.
ഇവിടേക്ക് വളരെ വേഗത്തിൽ വെള്ളം കയറും. പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്ന പദ്ധതി മുന്നിലിരിക്കെ തന്നെ, നിലവിലെ സ്റ്റാൻഡ് താൽക്കാലികമായെങ്കിലും വെള്ളം കയറാത്ത നിലയിൽ സംരക്ഷിക്കണമെന്നാണ് ഉയരുന്ന ആവശ്യം. പകർച്ചവ്യാധി, ഇഴജന്തുക്കൾ എന്നീ ഭീഷണികളുമുണ്ടെന്ന് ജീവനക്കാർ പറയുന്നു. ബസ് കാത്തിരിപ്പുകാർക്ക് ആവശ്യത്തിന് കസേരകൾ പോലുമില്ല. നിലവിലുള്ളവ കാലഹരണപ്പെട്ടതുമാണ്. ദുരിതത്തിലാകുന്ന മറ്റൊരുവിഭാഗം ഇവിടുത്തെ കച്ചവടക്കാരാണ്. താഴെയുള്ള നിലയിൽ പ്രവർത്തിച്ചിരുന്ന നിരവധി കച്ചവട സ്ഥാപനങ്ങൾ പൂട്ടിപ്പോയി. ഇവിടം വൃത്തിഹീനമായി തകർന്ന് കിടക്കുകയാണ്. രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷം. ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിന് ബസുകൾ നിർത്തിയിടുന്ന പ്രധാന ഭാഗത്ത് മലിനജലം കയറുന്നുണ്ട്. ഇത് യാത്രക്കാർക്ക് ബസിലേക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അതേസമയം, സ്റ്റാൻഡിലേക്ക് വെള്ളം കയറുന്നതിന് പരിഹാരം കാണാൻ പത്ത് കോടി രൂപ മുതൽമുടക്കിൽ മുല്ലശ്ശേരി കനാൽ വീതികൂട്ടൽ നടത്തുകയാണെന്ന് അധികൃതർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.