എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുഖം മാറുന്നു
text_fieldsകൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആധുനീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ് മോഡല്‍ നിർമാണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.
ആദ്യഘട്ടത്തില്‍ 12 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ തറക്കല്ലിടൽ ഫെബ്രുവരി 24ന് നടക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ വൈറ്റില മൊബിലിറ്റി ഹബ് എം.ഡി മാധവിക്കുട്ടി, സ്മാര്‍ട്ട് സിറ്റി മിഷന് ലിമിറ്റഡ് സി.ഇ.ഒ ഷാജി വി. നായർ, കെ.എസ്.ആർ.ടി.സി ജോയന്റ് എം.ഡി പി.എസ്. പ്രമോജ് ശങ്കർ എന്നിവർ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, വ്യവസായ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. ആര്. വേണു, ഹൈബി ഈഡന് എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് എന്നിവരും പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ നിര്‍ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും. ഫുട്പാത്ത് ഭൂമി കെ.എസ്.ആർ.ടി.സി വിട്ടുനല്‍കും. അതിനു ശേഷം മണ്ണ് പരിശോധന നടത്തി ഡി.പി.ആർ തയാറാക്കും.
കാരിക്കാമുറിയിലെ ഭൂമിയില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാൻ കഴിയുന്ന, മൊബിലിറ്റി ഹബിന്റെ അതേ മാതൃകയിലുള്ള, കെട്ടിടം നിർമിക്കാനാണ് പദ്ധതി തയാറാക്കിയത്. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിർമാണച്ചുമതല. ആധുനീകരണത്തിനു മുന്നോടിയായി മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എറണാകുളം കാരിക്കാമുറിയിലുള്ള 2.9 ഏക്കര്‍ സ്ഥലത്താണ് പുതിയ ഹബ് സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.