തറനിരപ്പ് ഉയർത്തും, തോടിന് സമീപം കോൺക്രീറ്റ് ഭിത്തി
text_fieldsകൊച്ചി: മലിനജലം പരന്നൊഴുകുന്ന പരിസരം, തകർച്ച നേരിടുന്ന കെട്ടിടം, മഴയൊന്ന് പെയ്താൽ സ്റ്റാൻഡിനുള്ളിലേക്ക് ഇരച്ചുകയറുന്ന വിധം കറുത്തൊഴുകുന്ന രോഗവാഹിയായ കനാൽ ജലം... പരാധീനതകളുടെ നടുവിൽ സ്ഥിതിചെയ്യുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സന്ദർശിക്കാനെത്തിയ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് മുന്നിൽ കാഴ്ചകൾ നിറഞ്ഞു.
സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുകയും യാത്രക്കാർ കയറുകയും ചെയ്യുന്ന പ്രധാന സ്ഥലങ്ങളിൽതന്നെ വലിയ മലിനവെള്ളക്കെട്ടാണുണ്ടായിരുന്നത്. ഇവിടെയെത്തിയ മന്ത്രി തൊട്ടടുത്തുകൂടി ഒഴുകുന്ന കനാലിന് സമീപത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് സ്റ്റാൻഡിൽ കയറിയ മന്ത്രി അകത്തെ ശോച്യാവസ്ഥ നേരിട്ട് കണ്ടു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കലക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായി. പതിവായി വെള്ളം കയറി നാശോന്മുഖമായ സ്ഥിതിയിലാണ് ഇവിടം. ദുർഗന്ധംവമിക്കുന്ന ഇവിടം നടക്കാൻപോലും ബുദ്ധിമുട്ടാണ്. പിന്നീട് ഗാരേജും പുതിയ ബസ് സ്റ്റാൻഡിനായി കണ്ടെത്തിയ കാരിക്കാമുറിയിലെ സ്ഥലവും മന്ത്രി സന്ദർശിച്ചു.
വെള്ളം കയറുന്നത് തടയാൻ ഉടൻ പണി ആരംഭിക്കും -മന്ത്രി
ബസ് സ്റ്റാൻഡിന്റെ തറനിരപ്പ് ഉയർത്തിയും പെയ്ത്തുവെള്ളം ഓടകളിലേക്ക് എത്തിച്ചും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ നിലവിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ വ്യക്തമാക്കി. തോട്ടിൽനിന്നുള്ള മലിനജലം സ്റ്റാൻഡ് പരിസരത്തേക്ക് കയറാതെ തടഞ്ഞുനിർത്താൻ മൂന്ന് അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിർമിക്കും. ശാശ്വത പരിഹാരത്തിന് ഐ.ഐ.ടി.യിലെ എൻജിനീയര്‍മാരോട് പഠനം നടത്താന്‍ ആവശ്യപ്പെടും. കെ.എസ്.ആർ.ടി.സി സി.എം.ഡി നിർമാണത്തിനുള്ള രൂപരേഖ തയാറാക്കിയിട്ടുണ്ട്. മഴ പെയ്യുമ്പോഴൊക്കെ വെള്ളം കയറുന്നത് നാണക്കേട് സൃഷ്ടിക്കുന്നുണ്ട്. വെള്ളം പമ്പ് ചെയ്ത് മറ്റൊരു സ്ഥലത്തേക്ക് കളയാൻ പ്രത്യേകയിടമൊന്നും ഇവിടെ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. എന്നാലും വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമം നടത്തുകയാണ്. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ തറ നിരപ്പ് ഉയർത്താനാണ് തീരുമാനം. ഇതിലൂടെ വെള്ളം അകത്ത് കയറുന്നത് തടയാനാകും. പരിസരത്തേക്ക് വെള്ളം കയറുന്നത് തടയാൻ തോടിനടുത്ത് മതിൽ കെട്ടുന്നതിലൂടെയും സാധിക്കും.
ടി.പി കനാലിലേക്ക് വലിയ പൈപ്പ് സ്ഥാപിച്ച് റെയിൽവേ പാളത്തിന് അപ്പുറത്തേക്ക് കലുങ്കിനടിയിലൂടെ വെള്ളം ഒഴുക്കിവിടാനുള്ള ആലോചനയുമുണ്ട്. ഇതിന് റെയിൽവേയുടെ അനുമതി ആവശ്യമാണ്. പെയ്ത്തുവെള്ളം ഓടയിലേക്ക് എത്തിച്ച് പുറത്തേക്ക് വിടാനുള്ള സംവിധാനം ചെയ്യും.
ശുചിമുറികൾ പൊളിച്ചുപണിയും
ശുചിമുറിയുമായി ബന്ധപ്പെട്ട ശോച്യാവസ്ഥയും പരിഹരിക്കും. ആവശ്യമില്ലാത്ത എല്ലാ ശുചിമുറികളും അടിയന്തരമായി പൊളിച്ചുമാറ്റും. ഉത്തരവാദിത്തത്തോടെ നിർമാണം നടത്താനാകുന്ന ഏജൻസിയെയായിരിക്കും ഏൽപിക്കുക. ഇത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള തുക സി.എസ്.ആര് ഫണ്ട്, എൻ.ജി.ഒ ഫണ്ട് എന്നിവയിലൂടെ സമാഹരിക്കും. എറണാകുളം ബസ് സ്റ്റാന്‍ഡിലെ പ്രശ്ന പരിഹാരത്തിന് ജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ വെക്കാമെന്നും മന്ത്രി പറഞ്ഞു.
എല്ലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാൻ ഹൗസ് കീപ്പിങ് വിങ് തുടങ്ങാൻ തീരുമാനമുണ്ട്. നിർമാണത്തിന് ശേഷം തകർച്ച നേരിട്ട കെ.എസ്.ആർ.ടി.സിയുടെ കെട്ടിടവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ചെങ്കിൽ ഈ കെട്ടിടം പൊളിക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ല വികസന സമിതി കമീഷണര്‍ എം.എസ്. മാധവിക്കുട്ടി, കൊച്ചി കോര്പറേഷന് സെക്രട്ടറി വി. ചെല്‍സാസിനി, കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷൻ പി.ആര്. റെനീഷ്, മറ്റ് ജനപ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പുതിയ സ്റ്റാൻഡിനുള്ള പദ്ധതി
നിലവിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബില്‍ഡിങ് പൊളിക്കാതെ നവീകരിക്കും. സ്മാർട്ട് സിറ്റി മിഷനുമായി ചേർന്ന് മൊബിലിറ്റി ഹബ് മാതൃകയിലുള്ള പദ്ധതി ഇവിടെ വരുന്നുണ്ട്. ഈ പുതിയ സ്റ്റാൻഡിനുള്ള ധാരണാപത്രം സ്മാർട്ട് സിറ്റി മിഷനുമായി ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ, ഇതിന് പകരം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച വൈറ്റിലയിലെ ഭൂമി ചതുപ്പാണ്. അത് നികത്തിയെടുക്കണമെങ്കിൽ കോടികൾ വേണം. ഈ സ്ഥലം മാറ്റിനൽകണമെന്നാണ് ആവശ്യം. അത് എം.എൽ.എയും എം.പിയും ചേർന്ന് പരിഹരിക്കണമെന്നാണ് ആവശ്യമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയെത്തുംമുമ്പ് ശുചീകരണം
മന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് അലങ്കോലമായി കിടന്ന കെ.എസ്.ആർ.ടി.സി പരിസരത്ത് അധികൃതരുടെ ശുചീകരണം. വശങ്ങളിലുള്ള ഓടകളിലെ മാലിന്യംനീക്കി വെള്ളമൊഴുകാനുള്ള സൗകര്യമൊരുക്കുകയായിരുന്നു പ്രധാനമായും. കെട്ടിക്കിടന്ന വെള്ളം ഒഴുക്കിവിടാനായിരുന്നു ശ്രമം. നടപ്പാതയുടെ ഭാഗത്ത് വെള്ളമൊഴിച്ച് കഴുകിയ ചാക്ക് വിരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.