എല്ലാം ഒരുങ്ങി; എറണാകുളം മാർക്കറ്റ് ഉദ്ഘാടനം 14ന്
text_fieldsകൊച്ചി: ഒടുവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള എറണാകുളം മാർക്കറ്റ് ഒരുങ്ങി, ഇനി ഉദ്ഘാടനം. കൊച്ചിയിലെതന്നെ ഏറ്റവും വലിയ മാർക്കറ്റായ എറണാകുളം മാർക്കറ്റ് 14ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
2022 ജൂണിൽ നിർമാണം തുടങ്ങിയ മാർക്കറ്റിന്റെ പ്രവൃത്തികൾ പൂർത്തിയായത് അടുത്തിടെയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് (സി.എസ്.എം.എൽ) മാർക്കറ്റ് നിർമിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ മാർക്കറ്റ് പൊളിച്ചുനീക്കിയാണ് 19,990 ചതുരശ്ര മീറ്ററിൽ നാലുനിലകളിലായി മാർക്കറ്റ് സമുച്ചയം ഒരുക്കിയത്.
1.63 ഏക്കറിലാണ് നിർമാണം. 72.69 കോടിയാണ് പദ്ധതിച്ചെലവ്. പഴയ മാർക്കറ്റിലെ കച്ചവടക്കാരെ തൊട്ടടുത്തുതന്നെയാണ് താൽക്കാലികമായി പുനരധിവസിപ്പിച്ചിട്ടുള്ളത്. ഇവരെ ആദ്യ രണ്ടുനിലകളിലേക്ക് മാറ്റും. ഗ്രൗണ്ട്, ഒന്നാംനിലകളിലായി പച്ചക്കറി, പഴം വിൽപനശാലകളും മീൻ-മാംസം മാർക്കറ്റുകളും പ്രവർത്തിക്കും. മൂന്നാംനില കോർപറേഷനുള്ളതാണ്. അവിടെ ഓഫിസുകൾക്കും ഗോഡൗണുകൾക്കും സൗകര്യമൊരുക്കും. വെള്ളം, വൈദ്യുതി സൗകര്യങ്ങൾക്കുപുറമെ മാലിന്യസംസ്കരണ സംവിധാനങ്ങളും ഒരുക്കും. കയറ്റിറക്കിനായി ട്രക്ക് ബേയുണ്ട്.
നഗരത്തിലെ ആദ്യത്തെ മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യമൊരുങ്ങുന്നുവെന്നതാണ് മാർക്കറ്റിന്റെ മറ്റൊരു പ്രത്യേകത. ഇതിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. 24.65 കോടി രൂപയാണ് നിർമാണച്ചെലവ്. 120 കാർ, 100 ബൈക്ക് എന്നിവ ഇവിടെ പാർക്ക് ചെയ്യാം. മാർക്കറ്റിലുണ്ടാകുന്ന മാലിന്യം അവിടെത്തന്നെ സംസ്കരിക്കാൻ മണപ്പാട്ടിപ്പറമ്പ് മാതൃകയിൽ ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റും സജ്ജമായി. ഐ.സി.എൽ.ഇയുടെ സഹകരണത്തോടെയാണ് മണപ്പാട്ടിപ്പറമ്പിൽ ഇത് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.