അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ എക്സൈസ് പരിശോധന
text_fieldsകൊച്ചി: അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ എക്സൈസിന്റെ വ്യാപക പരിശോധന. കൊലക്കേസിൽ അറസ്റ്റിലായ പ്രതി ലഹരിക്കടിമയായിരുന്നെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പെരുമ്പാവൂർ, ആലുവ മേഖലയിലെ 53 അന്തർ സംസ്ഥാന തൊഴിലാളി ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽനിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.
ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂനിറ്റുകളായി തിരിഞ്ഞ് തിങ്കളാഴ്ച രാവിലെ തുടങ്ങിയ പരിശോധനയിൽ 150ഓളം കേസും രജിസ്റ്റർ ചെയ്തു. രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു.
കുന്നത്തേരിയില്‍ അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പില്‍നിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരം പരിശോധന നടന്നിരുന്നതാണ്.
ആലുവ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിപുല പരിശോധനകൾ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. സമാന്തര അന്വേഷണം പൊലീസും നടത്തുന്നുണ്ട്. പലയിടങ്ങളിലും ലഹരി ഉപയോഗം കണ്ടെത്തിയിട്ടുണ്ട്.
പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും പൊലീസ് പരിശോധന
പെരുമ്പാവൂര്‍: ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട സാഹചര്യത്തിൽ പെരുമ്പാവൂർ നഗരത്തിലും എക്സൈസിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി.
തിങ്കളാഴ്ച രാവിലെ മുതല്‍ നടന്ന പരിശോധനയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകള്‍, നഗരത്തില്‍ ഇവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് അന്തര്‍ സംസ്ഥാനക്കാര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍നിന്ന് നിരവധി നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. ജില്ല നാര്‍കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവ് കുമാറിന്റെയും പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ബിനീഷ്കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
മൂവാറ്റുപുഴ: അന്തർസംസ്ഥാന തൊഴിലാളികൾ തിങ്ങി താമസിക്കുന്ന മൂവാറ്റുപുഴ മേഖലയിലെ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തി.
പേഴക്കാപ്പിള്ളി, പായിപ്ര മേഖലകളിലായിരുന്നു പരിശോധന. രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. എന്നാൽ, ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ, അടുത്ത ഞായറാഴ്ച അന്തർസംസ്ഥാന തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. പേഴക്കാപ്പിള്ളി കെ.വൈ.എസ് ഹാളിൽ രാവിലെ 10നാണ് ക്ലാസ്. കഴിഞ്ഞയാഴ്ച പേഴക്കാപ്പിള്ളി സബ് സ്റ്റേഷൻ പടിയിൽ അന്തർ സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലത്തുനിന്ന് മൂന്നുകിലോ കഞ്ചാവ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.