എക്സൈസ് സ്ക്വാഡ് ഒന്നിച്ചു; 130 ലഹരിഗുളികയുമായി വിൽപന സംഘത്തിലെ പ്രധാനികൾ പിടിയിൽ
text_fieldsകൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കോളജ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് ലഹരിമരുന്ന് വിറ്റിരുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ മാരകമയക്കുമരുന്നുകളുമായി എക്സൈസ് പിടികൂടി. എളംകുളം ഐശ്വര്യ ലെയ്നിൽ പണ്ടാതുരുത്തി വീട്ടിൽ വിഷ്ണു പ്രസാദ് (29), ഏലൂർ ഡിപ്പോ സ്വദേശി പുന്നക്കൽ വീട്ടിൽ ടോമി ജോർജ് (35) എന്നിവരാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണറുടെ സ്പെഷൽ ആക്ഷൻ ടീമിന്റെയും എക്സൈസ് ഇന്റലിജൻസിന്റെയും എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെയും നീക്കത്തിൽ പിടിയിലായത്. ഇവരുടെ രണ്ട് സ്മാർട്ട് ഫോണും ടോമിയുടെ ഇരുചക്ര വാഹനവും കസ്റ്റഡിയിൽ എടുത്തു. ഏറെനാളായി മയക്കുമരുന്ന് ഗുളികകൾ വിറ്റ ഇവർ ഒരുമിച്ച് പിടിയിലാകുന്നത് ആദ്യമാണ്. ‘പടയപ്പ ബ്രദേഴ്സ്’ എന്ന പ്രത്യേക തരം കോഡിലാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ വിറ്റിരുന്നത്. വിഷ്ണു പ്രസാദിന്റെ കൈയിൽനിന്ന് 50 എണ്ണവും ടോമി ജോർജിന്റെ പക്കൽനിന്ന് 80 ഗുളികകളും പിടിച്ചെടുത്തു.
കണ്ടെയ്നർ റോഡിലെ ചേരാനല്ലൂർ സിഗ്നലിനടുത്തുള്ള അണ്ടർ പാസിന് സമീപം കച്ചവടത്തിനായി വിഷ്ണു പ്രസാദ് നിൽക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം ഇയാളെ വളയുകയായിരുന്നു. ഇതോടെ ഗുളികകൾ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഗുളികകളുടെ മൊത്ത വിതരണക്കാരൻ ടോമി ജോർജിനെ കുറിച്ചുള്ള വിവരം ലഭിച്ചു. ഊർജിതമായ തിരച്ചിലിനൊടുവിൽ പാതാളം ഇ.എസ്.ഐ ജങ്ഷന് സമീപം മയക്കുമരുന്നുമായി ആവശ്യക്കാരെ കാത്ത് നിൽക്കുകയായിരുന്ന ടോമി ജോർജിനെയും എക്സൈസുകാർ കൈയോടെ പിടികൂടി. പിടിയിലാകുന്ന സമയം ഇയാൾ മാരകലഹരിയിലായിരുന്നു. ഗുളികകൾ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് കടത്തിക്കൊണ്ട് വന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആറു രൂപ വിലയുള്ള ഗുളിക 100 രൂപക്കാണ് ഇവർ മൊത്തവിൽപന നടത്തിയിരുന്നത്. ഇവരുടെ സംഘത്തിൽപെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും മയക്കുമരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എൻഫോഴ്സ്മെന്റ് അസി. കമീഷണർ ടി.എൻ. സുദീർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അത്യന്തം അപകടകാരി
നീണ്ട ഇടവേളക്കുശേഷമാണ് ഇത്രയും അധികം ലഹരി ഗുളികകൾ പിടിച്ചെടുക്കുന്നതെന്ന് എക്സൈസ് പറഞ്ഞു. നേരത്തേ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഇത്തരം ഗുളികകൾ വാങ്ങുന്നത് വ്യാപകമായതോടെ പരിശോധന കർശനമാക്കിയതിനാൽ ഇതിന് പൂർണമായും തടയിടാൻ കഴിഞ്ഞിരുന്നു.
ഷെഡ്യൂൾഡ് എച്ച് വൺ വിഭാഗത്തിൽപെടുന്ന ഈ മയക്കുമരുന്ന് അപൂർവം മെഡിക്കൽ ഷോപ്പുകളിലൂടെ ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി മാത്രം ലഭിക്കുന്ന ഒന്നാണ്. അമിതഭയം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക വിഭ്രാന്തികൾ നേരിടുന്നവർക്കാണ് ഗുളിക കുറിക്കുന്നത്. ഇത്തരത്തിലുള്ള ഗുളിക 20 ഗ്രാമിലധികം കൈവശംവെക്കുന്നത് 10 വർഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണ്. ഉപഭോക്താക്കൾക്കായി ആദ്യം ‘ടെസ്റ്റ് ഡോസ്’ എന്ന രീതിയിൽ ഗുളിക സൗജന്യമായി നൽകിയിരുന്നു.
ഇതിന്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും എന്നതാണ് യുവതീയുവാക്കൾ ഇതിലേക്ക് ആകൃഷ്ടരാക്കാൻ കാരണം. ഉപഭോക്താക്കളുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇവർ മയക്കുമരുന്നുകൾ എത്തിച്ചിരുന്നതെന്നും ഒരു ദിവസത്തിൽ നാല് ഗുളിക കഴിച്ചാൽ വേദന, സ്പർശനം തുടങ്ങിയ വികാരങ്ങൾ ഒന്നും അറിയില്ലെന്നും ഇവർ വെളിപ്പെടുത്തി.
ഇതിന്റെ അനാവശ്യമായ ഉപയോഗം അമിതരക്ത സമർദത്തിന് ഇടയാകാനും ഹൃദയാഘാതം വരെ സംഭവിക്കാനും ഇടയാക്കുന്നതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.