‘മില്ലറ്റും മീനും’ പ്രദർശന ഭക്ഷ്യമേള നാളെ മുതൽ
text_fieldsകൊച്ചി: മീനിനൊപ്പം ചെറുധാന്യ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ‘മില്ലറ്റും മീനും’ പ്രദർശന ഭക്ഷ്യമേള കൊച്ചിയിൽ വ്യാഴാഴ്ച തുടങ്ങും. കർണാടകയിലെ ചെറുധാന്യ കർഷകസംഘങ്ങളുടെ വിവിധ ഉൽപന്നങ്ങളും വനിത സ്വയംസഹായക സംഘങ്ങൾ ഒരുക്കുന്ന മില്ലറ്റ്-മീൻ വിഭവങ്ങളുമാണ് പ്രധാന ആകർഷണം. ചെറുധാന്യങ്ങളുടെ കുക്കറി ഷോ, വിളവെടുത്ത ജീവനുള്ള മീനുകൾ, ബയർ-സെല്ലർ സംഗമം, പോഷണ-ആരോഗ്യ ചർച്ചകൾ, പാചക മത്സരം, ലക്ഷദ്വീപ് ഉൽപന്നങ്ങൾ തുടങ്ങിയവയും ശനിയാഴ്ച വരെ നീളുന്ന മേളയിലുണ്ടാകും.
ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്ച് ഡയറക്ടർ ഡോ. സിതാര സത്യവതി ഉദ്ഘാടനം ചെയ്യും. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലാണ് (സി.എം.എഫ്.ആർ.ഐ) നടക്കുന്നത്.
ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയിൽ നിന്നുണ്ടാക്കുന്ന ഉൽപന്നങ്ങളും മേളയിൽ നിന്ന് വാങ്ങാം. ബയർ-സെല്ലർ സംഗമത്തിൽ വിവിധ ചെറുധാന്യ ഉൽപന്നങ്ങൾക്കൊപ്പം മീനുകളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും സുഗന്ധ-വ്യജ്ഞന ഉൽപന്നങ്ങളും ലഭ്യമാകും. ചെറുധാന്യ കർഷകർ, കർഷക ഉൽപാദന സംഘങ്ങൾ, വനിതാസംരംഭകർ, മത്സ്യസംസ്കരണ രംഗത്തുള്ളവർ, കാർഷിക-ഭക്ഷ്യ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. ദിവസവും വൈകീട്ട് ഏഴ് മുതൽ ആകാശവാണി കൊച്ചി എഫ്.എം ഒരുക്കുന്ന കലാപരിപാടികൾ ഉണ്ടാകും. രാവിലെ 11 മുതൽ രാത്രി എട്ട് വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.