കൊടും ചൂടും ഗതാഗതക്കുരുക്കും; വലഞ്ഞ് യാത്രക്കാർ
text_fieldsകൊച്ചി: ആഴ്ചകളായി തുടരുന്ന ഗതാഗതക്കുരുക്ക് നഗരത്തിലും സമീപ പ്രദേശങ്ങളിലും യാത്രക്കാർക്ക് ദുരിതമാകുന്നു. തിരക്കേറിയ രാവിലെയും വൈകീട്ടും ഇതുമൂലം വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവും പ്രമുഖരുടെ സന്ദർശനവും തുടർച്ചയായ ആഘോഷ ദിനങ്ങളുമെല്ലാം ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നുണ്ട്. കൊടും ചൂടിനൊപ്പം ഇഴഞ്ഞുനീങ്ങുന്ന ഗതാഗതവും പൊതുജനങ്ങൾക്ക് സമ്മാനിക്കുന്ന ദുരിതം ചില്ലറയല്ല.
നിയന്ത്രിക്കാനാളില്ല; ഗതാഗതം തോന്നുംപടി
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്ന് നിയന്ത്രണമില്ലായ്മയാണ്. പരാതികളും വിവാദങ്ങളുമുണ്ടാകുമ്പോൾ മാത്രം റോഡിലിറങ്ങുന്ന നിയമപാലകർ പരാതികൾ കെട്ടടങ്ങുമ്പോൾ രംഗം കാലിയാക്കുകയാണ് പതിവ്. തിരുവാങ്കുളം, തൃപ്പൂണിത്തുറ, വൈറ്റില, ഹൈകോർട്ട് ജങ്ഷൻ, കലൂർ, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട് തുടങ്ങി നഗരത്തിൽ ഗതാഗതക്കുരുക്കില്ലാത്ത പ്രദേശങ്ങൾ ചുരുക്കമാണ്. സ്വകാര്യബസുകളും ചെറുവാഹനങ്ങളുമടക്കം അലക്ഷ്യമായി ഓടിക്കുന്നതാണ് കുരുക്കുകൾ സൃഷ്ടിക്കുന്നതിൽ പ്രധാന വില്ലൻ. ഇത്തരം കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട പൊലീസാകട്ടെ നിഷ്ക്രിയവുമാണ്.
യാത്രാക്ലേശത്തോടൊപ്പം കൊടുംചൂടും യാത്രികർക്ക് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. ബസുകളടക്കമുള്ള വാഹനങ്ങളിൽ മണിക്കൂറുകളോളമാണ് കൊടുംചൂടിൽ യാത്രക്കാർ ഇരിക്കേണ്ടി വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവും പൊതുപര്യടനങ്ങളുമെല്ലാം യാത്രാക്ലേശം ഇരട്ടിയാക്കുന്നുണ്ട്. സ്ഥാനാർഥികൾക്കും നേതാക്കൾക്കും അകമ്പടിയായെത്തുന്ന വാഹനങ്ങളും റാലികളുമാണ് ഇതിന് കാരണം. പ്രമുഖരുടെ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും മറ്റൊരു കാരണമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രണ്ടുദിവസമായിരുന്നു നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. സുരക്ഷയുടെ ഭാഗമായി റോഡിൽ കെട്ടിയ കയറിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചത് വിവാദവും സൃഷ്ടിച്ചിട്ടുണ്ട്.
പരിഹാരം പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വിവിധ കാലങ്ങളിൽ പല പദ്ധതികളും പരിഷ്കാരങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒന്നും യാഥാർഥ്യമായില്ല. വൈറ്റില, പാലാരിവട്ടം മേൽപാലങ്ങളുടെയും കൊച്ചി മെട്രോയുടെയും വരവോടെ ഇതിന് പരിഹാരമാകുമെന്ന വിലയിരുത്തലുണ്ടായെങ്കിലും കാര്യമായ മാറ്റവുമുണ്ടായില്ല. കൊച്ചി മെട്രോ തൃപ്പൂണിത്തുറ, ആലുവ ഭാഗങ്ങളിലേക്കെത്തുന്നതോടെ നഗരത്തിലേക്കെത്തുന്ന ചെറുവാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും വിലയിരുത്തപ്പെട്ടു. എന്നാലത് കണക്കിൽ മാത്രമായൊതുങ്ങി. മെട്രോ കാക്കനാട്ടേക്ക് എത്തുന്നതോടെയും ജലമെട്രോ പൂർണ അർഥത്തിൽ യാഥാർഥ്യമാകുന്നതോടെയും കുരുക്കിന് ശമനമാകുമെന്നാണ് പുതിയ വിലയിരുത്തൽ. എന്നാൽ, ഇതും കാത്തിരുന്ന് കാണേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.