വാറന്റി സമയത്ത് സ്കൂട്ടർ തുടർച്ചയായി തകരാറിൽ; യുവതിക്ക് 92,000 രൂപ നഷ്ടപരിഹാരം
text_fieldsകൊച്ചി: വാറന്റി കാലയളവിൽ സ്കൂട്ടർ തുടർച്ചയായി തകരാറിലാകുകയും അത് പരിഹരിക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്തതിന് സ്കൂട്ടർ നിർമാതാക്കളും സർവിസ് സെന്ററും ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി.
എറണാകുളം സ്വദേശി നിധി ജയിൻ, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടേഴ്സ് ലിമിറ്റഡ്, സർവിസ് സെന്റർ ആയ മുത്തൂറ്റ് മോട്ടോഴ്സ് പാലാരിവട്ടം എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. 2018 മാർച്ചിലാണ് 67,000 രൂപ കൊടുത്ത് ഒരുവർഷത്തെ വാറന്റിയോടെ പരാതിക്കാരി സ്കൂട്ടർ വാങ്ങിയത്.
അധികം താമസിയാതെതന്നെ സ്കൂട്ടറിൽനിന്ന് വലിയ ശബ്ദം കേൾക്കാൻ തുടങ്ങി. പലപ്രാവശ്യം സർവിസ് സെന്ററിൽ പോയി റിപ്പയർ ചെയ്തെങ്കിലും വീണ്ടും തകരാറിലായി. സ്കൂട്ടറിന്റെ പല സുപ്രധാന ഭാഗങ്ങളും മാറ്റി പുതിയത് വെക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് സ്കൂട്ടറിന്റെ തുടർച്ചയായ തകരാർ നിർമാണപരമായ ന്യൂനതകൊണ്ടാണെന്ന് പരാതിപ്പെട്ട് സ്കൂട്ടറിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചത്.
എന്നാൽ, വാറന്റി വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാതിക്കാരി വീഴ്ചവരുത്തിയെന്നും അതിനാലാണ് സൗജന്യ സർവിസ് നൽകാതിരുന്നതെന്നും പണം നൽകിയാൽ സർവിസ് ചെയ്ത് നൽകാമെന്നുമുള്ള നിലപാടാണ് സർവിസ് സെന്റർ കോടതി മുമ്പാകെ സ്വീകരിച്ചത്.
എന്നാൽ, വാറന്റി കാലയളവിൽതന്നെ റിപ്പയർ ചെയ്യാൻ വിസമ്മതിച്ചെന്നും മറ്റ് വർക്ക്ഷോപ്പുകളിൽ കൊണ്ടുപോയി റിപ്പയർ ചെയ്യേണ്ടിവന്നു എന്നുമാണ് പരാതിക്കാരി പറയുന്നത്. നീതി തേടിയെത്തിയ ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്തി എന്നതാണ് ഈ കേസിന്റെ പ്രാധാന്യമെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
സ്കൂട്ടറിന്റെ വിലയായ 67,740 രൂപയും 15,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം നൽകാൻ കോടതി നിർദേശിച്ചു. അഡ്വ. ടോം ജോസഫ് പരാതിക്കാരിക്കുവേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.